News

പുന്നപ്രയിൽ നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവം; എട്ട് പേര്‍ക്കെതിരെ കേസ്

Alappuzha Reporter

19 August 2022 , 1:27 PM

 

 

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ നന്ദുവെന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവം പിന്നിട്ട് അഞ്ച് ദിവസകൾക്ക് ശേഷം പോലീസ് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് പോലീസിന്റെ എഫ് ഐ ആറിലുള്ളത്. വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ചു മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

        അതേ സമയം, നന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പങ്കെന്ന കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നന്ദുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടിപ്പോയ നന്ദു, സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭവത്തിനു ശേഷം ദുരുഹത നീക്കണമെന്നുള്ള പ്രതിഷേധം ഇവിടെ കനത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷേ നേതാവ് അടക്കം ഇവിടെ സന്ദർശിച്ചിരുന്നു.