News

പ്രൊഫ: ടി. ജെ. ചന്ദ്രചൂഡൻ അന്തരിച്ചു

31 October 2022 , 8:06 AM

 

 

തിരുവനന്തപുരം: ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ (82) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.

      1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബിഎ, എംഎ പരീക്ഷകൾ റാങ്കോടെയാണ് പാസായത്. ആർഎസ്പി വിദ്യാർത്ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969 ൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അദ്ധ്യാപകനായി. 1987 ൽ ജോലി രാജി വച്ച് മുഴുവൻ സമയ പൊതുപ്രവർത്തനത്തിലേക്കിറങ്ങി. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 1990 ൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി. 99 ൽ സംസ്ഥാന സെക്രട്ടറിയായി. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിൽ നിന്നും 2006 ൽ ആര്യനാടു നിന്നും നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യ - യു.എസ് ആണവായുധ ഉടമ്പടിയുമായി ബന്ധപ്പെട്ട കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ പ്രധാന പങ്ക് വഹിച്ചു. 2010 ൽ രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഉൾപാർട്ടി പ്രശ്നങ്ങളെ തുടർ‌ന്ന് അതു നിഷേധിക്കപ്പെട്ടു.

      2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ. ബാലകൃഷ്‌ണൻ: മലയാളത്തിന്റെ ജീനിയസ്‌, മാർക്‌സിസം എന്നാൽ എന്ത്‌ ? തുടങ്ങിയ പുസ്തകങ്ങൾ‌ എഴുതിയിട്ടുണ്ട്.