News

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

18 February 2023 , 5:08 PM

 

മലപ്പുറം: കാറിന്റെ രഹസ്യ അറയില്‍ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം മലപ്പുറത്തുനിന്ന് പോലീസ് പിടികൂടി.
മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറില്‍ (46) നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 10.00 മണിയോടെ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിന്റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും.