News

വയനാട് ജില്ലയില്‍ പൊലീസ് ചെക്‌പോസ്റ്റുകള്‍ വരുന്നു

22 September 2022 , 7:12 PM

 

വയനാട്: ജില്ലയില്‍ പൊലീസ് ചെക്‌പോസ്റ്റുകള്‍ വരുന്നു. കര്‍ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലയിലേക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള അതിമാരക മയക്കുമരുന്നുകള്‍ വന്‍തോതില്‍ കടത്തുന്ന സാഹചര്യത്തിലാണ് എക്‌സൈസ് ചെക്‌പോസ്റ്റുകള്‍ക്ക് സമാന്തരമായി പൊലീസ് ചെക്‌പോസ്റ്റുകളും സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ കര്‍ണാടകയുമായി അതിര്‍ത്തിപങ്കിടുന്ന മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുക.

ചെക്‌പോസ്റ്റുകളില്‍ സ്ഥിരമായി ഒരു സബ് ഇന്‍സ്‌പെക്ടറും നാല് പൊലീസുകാരുമാണ് പരിശോധനക്കുണ്ടാവുക. ഡോഗ് സ്‌ക്വാഡിന്റെ സഹായവുമുണ്ടാവും. ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധനക്കായി റോഡിന് കുറുകെ സ്ഥാപിക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മാണം ആരംഭിച്ചു. ബാരിക്കേഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. സ്ഥിരം കെട്ടിടമാകുന്നതുവരെ നിലവിലെ പൊലീസ് ഔട്ട് പോസ്റ്റുകളാവും ഓഫീസുകളായി പ്രവര്‍ത്തിക്കുക.

സമീപകാലത്തായി മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റുകള്‍വഴി എംഡിഎംഎ, കഞ്ചാവ്, കര്‍ണാടക നിര്‍മിത വിദേശമദ്യം, സ്പിരിറ്റ്, കുഴല്‍പ്പണം എന്നിവയുടെ കടത്ത് വര്‍ധിച്ചിട്ടുണ്ട്. എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് കള്ളക്കടത്ത് പിടികൂടുക ദുഷ്‌കരമാണ്. വാഹനങ്ങളില്‍ എത്തിയുള്ള പൊലീസിന്റെ പരിശോധനകളും മതിയാകുന്നില്ല. ഈ സാഹചര്യത്തിലാണ് അതിര്‍ത്തികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റുകള്‍ പൊലീസ് സ്ഥാപിക്കുന്നത്. ഇതിലൂടെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ കടത്ത് പരിധിവരെ തടയാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ