News

പ്ലസ്‌ വൺ പ്രവേശനം: മൂന്നാം അലോട്ട്മെന്റ് ഇന്ന്

21 August 2022 , 8:32 AM

 

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് ഇന്ന് (Aug 21) രാത്രി പത്തോടെ ഹയർ സെക്കണ്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. മൂന്നാമത്തെ ആലോട്ട്മെന്റിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ടാകും. പ്ലസ്‌ വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേർത്താണ് മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. കഴിഞ്ഞ രണ്ട് അലോട്ട്മെന്റുകൾക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ ക്വാട്ടകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചാകും നാളെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.

 80,766 സീറ്റാണ് ജനറൽ വിഭാഗത്തിൽ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്. സർക്കാർ സ്കൂളുകളിലെ മുന്നാക്ക സംവരണ സീറ്റുകളും സ്പോർട്സ് കോട്ട സീറ്റുകളുമാണ് സംവരണ വിഭാഗത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്നത്. 18,449 മുന്നാക്ക സംവരണ സീറ്റിൽ 9432 എണ്ണത്തിൽ ഇതുവരെ പ്രവേശനം നടന്നിട്ടില്ല. ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകളാണ് മെറിറ്റ് സീറ്റുകളായി മാറുക. സ്പോർട്സ് ക്വോട്ടയിലെ 7566 സീറ്റിൽ 5398 സീറ്റ് ഒഴിവുണ്ട്. സ്പോർട്സ് ക്വോട്ടയിൽ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ നൽകി തുടങ്ങിയിട്ടുണ്ട്.   ഈ അലോട്ട്മെന്റിന് ശേഷവും ഒഴിവുള്ള സീറ്റുകളും മെറിറ്റ് സീറ്റായി മാറും. പട്ടിക വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകൾ ആദ്യം ഒഇസിക്കും അവിടെ ഒഴിവു വരുന്നവ സർക്കാർ സ്കൂളുകളിലെ അനുപാതം അനുസരിച്ച് ഒബിസിക്കും നൽകും. പിന്നെയും ഒഴിവുണ്ടെങ്കിലാകും ജനറൽ സീറ്റായി പരിഗണിക്കുക. ഇതോടെ കൂടുതൽ സീറ്റുകൾ ജനറൽ വിഭാഗത്തിനായി ലഭിക്കുന്നതാണ്