News

പ്ലസ്‌വൺ പ്രവേശനം: അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം

Thiruvananthapuram Reporter

18 August 2022 , 9:59 PM

 

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ നൽകാം.

     മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും പരിഗണിക്കപ്പെടാത്ത വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ പരിഗണിക്കാനായി അപേക്ഷ പുതുക്കി നൽകാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും ഈ അവസരത്തിൽ തെറ്റുതിരുത്തിയുള്ള അപേക്ഷ നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശനത്തിനുള്ള സമയപരിധിക്കു ശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

      രണ്ടാം അലോട്ട്‌മെന്റിന് ബുധനാഴ്ച വൈകിട്ട് ആറു വരെയാണ് സമയം. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളൂ. താഴ്‌ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോർട്‌സ്, കമ്യൂണിറ്റി ക്വാട്ടകളിലുള്ള പ്രവേശനവും നടക്കും.