News

പാൻമസാല കടത്ത് പ്രതിയുമായി സിപിഎം കൗൺസിലറുടെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്

10 January 2023 , 8:41 AM

 

ഷാനവാസിൻ്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിൻ്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്. 

കൊല്ലം :  കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സംഭവവുമായി ബന്ധമില്ലെന്ന ആലപ്പുഴയിലെ സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തായി. ഷാനവാസിൻ്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിൻ്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിൻ്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. പാൻമസാലയുടെ വൻ ശേഖരം പൊലീസ് പിടികൂടന്നതിനും നാല് ദിവസം മുമ്പെടുത്ത ചിത്രമാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പിടിയിലായവരുമായി തനിക്ക് ഒരു ബന്ധമില്ലെന്നും ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകയ്ക്ക്  നല്കിയതാണെന്നുമായിരുന്നു ഷാനവാസിൻ്റെ വാദം. എന്നാൽ ഇക്കാര്യം ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിൻ്റെ സുഹൃത്ത് ഇജാസാണെന്നാണ് ജയൻ നൽകുന്ന വിശദീകരണം. നേരത്തെയും ഇജാസിനെ പാൻമസാല കടത്തിന് പൊലീസ് പിടികൂടിയിട്ടുള്ളതാണ്. എന്നാൽ  കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിക്കുന്ന ചിത്രം പുറത്തായത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇജാസ് പിടിയിലായതിന് പിന്നാലെ ഇജാസിനും ഷാനവാസിനുമൊപ്പം ചിത്രത്തിലുണ്ടായിരുന്ന  ആലപ്പുഴയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കേസിൽ ഷാജഹാന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിൻ്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും വലിയ പ്രചാരണ പരിപാടികൾ നടത്തുന്നതിനിടെയാണ് പാൻമസാല കടത്തു സംഘവുമായുള്ള നേതാക്കളുടെ ചങ്ങാത്തം പുറത്തു വരുന്നത് എന്നതാണ് ശ്രദ്ധേയം.