News

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കുത്തിവയ്പ്പില്ല

16 September 2022 , 8:52 PM

 

പെരിന്തല്‍മണ്ണ: സംസ്ഥാന തലത്തില്‍ സി.എച്ച്.സികളില്‍ കൂടി പേവിഷ ബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ നീക്കം നടക്കുമ്പോഴും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പേവിഷബാധക്ക് എതിരെയുള്ള കുത്തി വയ്പ് നല്‍കാന്‍ സംവിധാനമില്ല. കാറ്റഗറി 3 വിഭാഗത്തില്‍ വരുന്ന നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും കടിയേറ്റ് രക്തം ഒഴുകുന്ന വിധം മുറിവുണ്ടായാല്‍ നല്‍കേണ്ട ആന്റി റാബീസ് ഇമ്യുണോ ഗ്ലോബുലിന്‍ (ഇആര്‍ഐജി) ആണ് പെരിന്തല്‍മണ്ണയില്‍ ഇല്ലാത്തത്. തൊലിപ്പുറത്തുള്ള മാന്തലിനും രക്തം വരാത്ത ചെറിയ പോറലുകള്‍ക്കും ഉള്ള പ്രതിരോധ കുത്തിവയ്പ് മാത്രമാണ് ഇവിടെ നല്‍കുന്നത്. ഇആര്‍ഐജി കുത്തി വയ്പിന് ആവശ്യമായ ഐസിയു സൗകര്യം ഇല്ലാത്തതിനാലാണ് കുത്തി വയ്പ് നല്‍കാത്തതെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. കുത്തി വയ്പ് എടുക്കാത്തതിനാല്‍ ഇവിടെ ഇആര്‍ഐജി മരുന്നും സ്റ്റോക്കില്ല. മുറിവിന് ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ നായയുടെ കടിയേറ്റാല്‍ എത്രയും പെട്ടെന്ന് എടുക്കേണ്ടതാണ്. നായ്ക്കളുടെയും മറ്റു വന്യ ജീവികളുടെയും കടിയില്‍ മുറിവേറ്റ് എത്തുന്നവരെ ഇവിടെ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്ക് പറഞ്ഞ് അയക്കുകയാണ്. അതേ സമയം ജില്ലയിലെ തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പേവിഷ ബാധക്ക് എതിരെയുള്ള കുത്തിവയ്പ് നല്‍കുന്നുണ്ട്. ആവശ്യമായ സൗകര്യമുള്ള സിഎച്ച്‌സികള്‍ ഉള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങള്‍ ഇആര്‍ഐജി കുത്തി വയ്പിനു സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതലായി ഏതൊക്കെ സ്ഥാപനങ്ങളില്‍ കുത്തി വയ്പ് നല്‍കാമെന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കത്ത് അയച്ചിരുന്നു. ജില്ലാ താലുക്ക് ആശുപത്രികളിലേക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപ്രതികള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആന്റി റാബീസ് ഇമ്യൂണോ നല്‍കുന്നതായാണ് ഈ ഉത്തരവില്‍ പറയുന്നത്. തെരുവു നായ്ക്കളില്‍ നിന്നുള്ള ആക്രമണം കൂടി വരുന്ന സാഹചര്യത്തില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഇആര്‍ഐജി കുത്തി വയ്പിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.