News

കോട്ടയത്ത് ശുശ്രൂഷിക്കുന്നതിനിടെ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം: കൈക്ക് പരുക്കേറ്റ നഴ്‌സിന് ശസ്്ത്രക്രിയ

11 May 2023 , 4:34 PM

 

കോട്ടയം: കൊല്ലത്ത് ഡോക്ടറെ വൈദ്യപരിശോധനക്കെത്തിയ ആള്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ കോട്ടയത്തും സമാനമായ സംഭവം. കോട്ടയം മെഡിക്കല്‍ കോളെജില്‍ മരുന്ന് നല്‍കുന്നതിനിടെ നഴ്സിനെ രോഗി ആക്രമിച്ചു. പൂഞ്ഞാര്‍ കുന്നോന്നിയിലെ നേഖാ അരുണ്‍ (29) ആണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലായിരുന്നു സംഭവം. രോഗിയും ഇടുക്കി ഉപ്പുതറ മത്തായിപ്പാറ സ്വദേശിയുമായ ആളാണ് നഴ്സിനെ ആക്രമിച്ചത്. മരുന്ന് നല്‍കുന്നതിനിടയില്‍ ഇയാള്‍ പാത്രം വലിച്ചെറിയുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട ആശുപത്രിയിലെ മറ്റ് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് രോഗിയെ തടഞ്ഞെങ്കിലും ഇയാള്‍ നേഖയുടെ വലതു കൈപിടിച്ച് തിരിച്ചു. ഇതിനെത്തുടര്‍ന്ന് നേഖയുടെ കൈപ്പത്തിക്ക് താഴെ പരിക്കേറ്റു. പ്രഥമശുശ്രൂഷ നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഉച്ചയോടെ നേഖക്ക് വേദന കൂടി. പിന്നീട് നടത്തിയ പരിശോധനയില്‍ കൈയിലെ പൊട്ടലുണ്ടെന്ന് മനസിലായി. നേഖയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.