News

ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു; സ്വകാര്യബസ് തടഞ്ഞ് യുവതിയുടെ പ്രതിഷേധം, ഏറ്റെടുത്ത് ജനം

06 September 2022 , 2:26 PM

 

പാലക്കാട്: സ്വകാര്യബസ് അശ്രദ്ധമായി ഓടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിടെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വാഹനം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ച് യുവതി. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം.പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി ബസിനെ  തടഞ്ഞുനിര്‍ത്തിയത്. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇത് സമീപത്ത് നിന്ന ആരോ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്. ഡ്രൈവറോട് പ്രതിഡേധം അറിയിക്കുന്ന സമയത്ത് ബസ് ഡ്രൈവറുടെ ചെവിയില്‍ ഹെഡ്‌സെറ്റ് ഉണ്ടായിരുന്നുവെന്ന് യുവതി ആരോപിച്ചു. പ്രദേശത്തെ എം.വി.ഡി, പോലീസ് എന്നിവര്‍ ഇവരുടെ മത്സരയോട്ടത്തിന് തടയിടും.