News

ഇ പോസ് പണിമുടക്കി; ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ പാളി

23 August 2022 , 5:17 PM

 

തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി. ഒട്ടു മിക്ക റേഷൻ കടകളിലും ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായി. ഏറെക്കാലമായി ഇ പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പലയിടത്തും മെഷീന്‍ പണിമുടക്കിയ അവസ്ഥയാണ്. എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇന്നും നാളെയും മഞ്ഞക്കാര്‍ഡുകാർക്കാണ് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡുകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡുകൾക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡുകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാൻ അവസരമുണ്ട്.