News

പ്രദര്‍ശനത്തിന്‌വച്ച പുതിയ വാഹനത്തിൻ്റെ ഓഡോമീറ്റര്‍ ഊരിയിട്ടു: ഡീലര്‍ക്ക് പിഴ

09 December 2022 , 4:15 PM

 

മലപ്പുറം: പുതിയ വണ്ടികളില്‍ ഡീലര്‍മാരുടെ കൃത്രിമത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. പ്രദര്‍ശനത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച വാഹനത്തിലെ മീറ്ററില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് പരിശോധനയുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്ത് എത്തിയത്. ീലര്‍മാരുടെ ഉത്തരവാദിത്തത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോമീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചിരുന്നു. കൃത്രിമം നടത്തിയ ഡീലര്‍ക്ക് രണ്ടുലക്ഷം രൂപ പിഴ വിധിച്ചു. വില്‍പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോള്‍ ഓടിയ ദൂരം മീറ്ററില്‍ കാണിക്കാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് കൃത്രിമം നടത്തുന്നത്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്കെതിരെ പിഴ ചുമത്താം. കഴിഞ്ഞദിവസം മലപ്പുറം പാങ്ങ് ചേണ്ടിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വെച്ച രണ്ട് മോട്ടോര്‍ സൈക്കിള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിച്ചപ്പോള്‍ ഇരുവാഹനങ്ങളിലെയും ഓഡോമീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഡീലറുടെ കൈവശത്തിലുള്ള ബൈക്കുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ 1,03,000 രൂപ വീതം മൊത്തം 2,06,000 രൂപ പിഴ ചുമത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്നുമാസം മുമ്പും ഇതുപോലെ ഒരു കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.