News

കായംകുളത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി കുപ്രസിദ്ധ ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ

30 October 2022 , 10:07 PM

 

 

ആലപ്പുഴ: കായംകുളത്ത് 3.01 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ വീട്ടിൽ താഹാക്കുട്ടി മകൻ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ടിയാന്റെ പെൺസുഹൃത്ത് കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ തെക്കടത്ത് കിഴക്കതിൽ വീട്ടിൽ ഷറഫുദ്ദീൻ മകൾ ഷംന (30) എന്നിവർ അറസ്റ്റിലായി. ഇന്ന് ഉച്ചക്ക് 2.45 മണിയോടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് വശത്ത് വെച്ചാണ് ഇവർ പിടിയിലായത്. മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.13 ഗ്രാമും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.02 ഗ്രാമും, ഇരുവരും സഞ്ചരിച്ച് വന്ന കാറിൽ നിന്നും 0.86 ഗ്രാമും MDMA ആണ് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ബിനുകുമാറിന്റെയും കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ. സന്തോഷ്, എസ്.ഐ. ഇല്യാസ്, പോലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പോലീസ് സ്റ്റേഷൻ എസ്.ഐ. ഉദയകുമാർ വി , എ.എസ്.ഐ. ഉദയകുമാർ .ആർ, പോലീസുകാരായ അരുൺ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചത്.