News

കോട്ടയം നഗരസഭയിൽ ഇന്ന് അവിശ്വാസം; ബി.ജെ.പി ബഹിഷ്കരിക്കുന്നു

20 February 2023 , 9:14 AM

 

 

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്തെ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു.എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. ബി.ജെ.പി വിട്ടു നിൽക്കും. നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ എതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

        ബിജെപിയുടെ കൂടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അതിനു ശേഷം നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നാലും എൽഡിഎഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽഡിഎഫിനുണ്ട്. മുമ്പ് 22 വീതം സീറ്റുകളുമായി യുഡിഎഫും എൽഡിഎഫും എട്ട് സീറ്റുകളുമായി ബിജെപിയുമാണ് കോട്ടയം നഗരസഭയിൽ ഉണ്ടായിരുന്നത്. ഇപ്പോഴുള്ള ഒരംഗത്തിന്‍റെ മുൻതൂക്കമാണ് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്.

       അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.