News

സൈബർ തട്ടിപ്പിൽ കേരളം നൈജീരിയക്കാരുടെ ഇഷ്ടകേന്ദ്രം, പ്രതിവർഷം കടത്തുന്നത് 300 കോടിയിലധികം രൂപ

14 September 2022 , 12:58 PM

 

കൊച്ചി: നൈജീരിയൻ സംഘത്തിന്റെ സൈബർ തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി കേരളം മാറുന്നു. മുംബൈ, ബെംഗളൂരു, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ താമസമാക്കിയ നൈജീരിയൻ വംശജരാണ് തട്ടിപ്പിനു പിന്നിൽ. വർഷം 300 കോടി രൂപയ്ക്കു മുകളിൽ ഇവർ വിവിധ കേസുകളിലായി കേരളത്തിൽനിന്ന് തട്ടിയെടുക്കുന്നുണ്ടെന്നാണ് സൈബർ പോലീസിന്റെ കണക്ക്. തട്ടിപ്പിനിരയാകുന്നവരിൽ ചെറിയ ശതമാനം മാത്രമാണ് പരാതിയുമായി എത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ഒരു കേസിൽ മാത്രം 1.17 കോടി രൂപ വരെ തട്ടിയെടുത്ത സംഭവവുമുണ്ട്. ബിസിനസ്, സ്റ്റുഡന്റ് വിസയിലാണ് ഇവർ ഇന്ത്യയിലെത്തുന്നത്. വിസ കാലാവധി കഴിഞ്ഞാലും തിരിച്ചുപോകില്ല. സംഘത്തിലെ ചിലർ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് വിവാഹം കഴിച്ച് ഇവിടെത്തന്നെ തുടരുന്നുണ്ട്. ഇവർക്ക് ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയാത്തതിനാൽ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സാധാരണക്കാരുടെ എ.ടി.എം. കാർഡ് ഉൾപ്പെടെയുള്ള അക്കൗണ്ട് ചെറിയ തുകയ്ക്ക് വാങ്ങും. അതിലേക്കാണ് തട്ടിപ്പ് പണം എത്തിക്കുന്നത്. പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലേക്ക് അയയ്ക്കുകയും ബാക്കി കൊണ്ട് ഇവിടെ ആഡംബര ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്. പരാതി കിട്ടി അക്കൗണ്ട് പോലീസ് പരിശോധിക്കുമ്പോഴേയ്ക്കും ഭൂരിഭാഗം തുകയും പിൻവലിച്ചിട്ടുണ്ടാകും. വിദേശ ഐ.പി. അഡ്രസ് വഴി നടത്തുന്ന തട്ടിപ്പുകളിൽ പലപ്പോഴും പ്രതികളെ പിടികൂടാനാകില്ല. ഇന്ത്യയിലെ മൊബൈൽ സിംകാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെ പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാനാകുന്നത്. ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന സൈബർ ഹാക്കിങ്ങിനു പുറമേ വിദേശത്ത് ജോലി, ഗിഫ്റ്റ്, വിവാഹ വാഗ്ദാനം തുടങ്ങിയ പേരുപറഞ്ഞാണ് തട്ടിപ്പ്. കഴിഞ്ഞ വർഷം നൂറോളം കേസുകളിൽ നൈജീരിയക്കാരുടെ പങ്ക് കണ്ടെത്തിയിരുന്നു. അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിന്റെ പിന്നിലും നൈജീരിയക്കാരായിരുന്നു. നൈജീരിയക്കാരുടെ തട്ടിപ്പിൽ കൂടുതലും ഇരയാകുന്നത് മലയാളികളാണ്. കേരളത്തിലുള്ളവർക്ക് പണമുണ്ട്, പണത്തോട് ആർത്തിയുമുണ്ടെന്നായിരുന്നു തട്ടിപ്പിന് കേരളം കേന്ദ്രമാക്കിയതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ പ്രതിയായ ഒരു നൈജീരിയൻ പൗരന്റെ മറുപടി. യുവാക്കൾക്കിടയിൽ ‘എം’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെതലിൻ ഡയോക്‌സി മെത്താഫിറ്റമിൻ (എം.ഡി.എം.എ.) വിതരണത്തിന്റെ പ്രധാനികൾ നൈജീരിയൻ വംശജരാണ്. ബെംഗളൂരു, ഗോവ, ഡൽഹി എന്നീ നഗരങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ എം.ഡി.എം.എ. നിർമാണം നടക്കുന്നതായും എക്സൈസ് ഇന്റലിജൻസ് വ്യക്തമാക്കുന്നു. മലയാളികൾ ഉൾപ്പെടുന്ന യുവാക്കൾ ഇവരുടെ ഏജന്റുമാരാണ്. കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ അടുത്തയിടെ പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ. കേസുകളിലും മുഖ്യ കണ്ണി നൈജീരിയൻ പൗരന്മാരാണ്.