News

പ്രതീക്ഷകളുടെ പുതുവത്സരം

ചീഫ് എഡിറ്റര്‍, മലയാള വാര്‍ത്ത കമ്മ്യൂണിക്കേഷന്‍

16 August 2022 , 6:39 PM

 

 

 

മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയുടേയും പ്രതീക്ഷ. 

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ ദേശീയോത്സവമായ ഓണമാണ് ചിങ്ങത്തിലെ ഏറ്റവും വലിയ ആഹ്്‌ളാദ വേള.  മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. തമിഴ് മാസങ്ങളായ ആവണി പൂരട്ടാശി എന്നിവ ചിങ്ങ മാസ സമയത്താണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് മലയാളമാസമായ ചിങ്ങം വരിക. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പൂര്‍വ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ ഒരുക്കങ്ങള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. കൂട്ടായ്മയുടേതും. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം.  ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന  കര്‍ഷകര്‍ക്കായി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനത്തില്‍ നമുക്ക് അന്നദാതാക്കളായ അവരെ ആദരിക്കാം.