Sports

ഛത്രപതിയുടെ പടയോട്ടമോ, ഗരുഡന്‍ പറവയോ അതോ ...?

04 September 2022 , 9:23 AM

 

ആലപ്പുഴ: ഛത്രപതിയുടെ പടയോട്ടമോ, ഗരുഡന്‍ പറവയോ, ചമ്പക്കുളത്തിന്റെ പോലീസ് മാര്‍ച്ചോ..വീരനായി വീയപുരമോ..ജലചക്രവര്‍ത്തി കാരിച്ചാലിന്റെ തിരിച്ചുവരവോ..അതോ മറ്റൊരു ചക്രവര്‍ത്തിയുടെ പട്ടാഭിഷേകമോ? എന്തിനാകും പുന്നമടക്കായലിലെ ഓളപ്പരപ്പ് ഇന്ന് സായാഹ്നത്തിൽ സാക്ഷ്യം വഹിക്കുക. ആകാംക്ഷയുടെ, ആവേശത്തിന്റെ പരമകോടിയിലാണ് കേരളത്തിലെ ലക്ഷക്കണക്കായ വള്ളംകളി പ്രേമികള്‍.


 വേഗതയുടെ പുതുചരിത്രം രചിക്കാനെത്തുന്നത് ഇക്കുറി 20 ചുണ്ടന്‍ വള്ളങ്ങളാണ്. അഞ്ച് ഹീറ്റ്‌സുകളിലായി ഇറങ്ങുന്ന ചുണ്ടന്‍ വള്ളങ്ങളില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന നാലെണ്ണം ഫൈനല്‍ പ്രവേശനം നേടും. ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് അടുത്ത സി.ബി.എല്‍ യോഗ്യത എന്നതിനാല്‍ അതിനായുള്ള പോരാട്ടവും കടുത്തതാകും. ഒന്നാം ഹീറ്റ്‌സില്‍ കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടിയും കരുവാറ്റ ബോട്ട് ക്ലബ്ബിന്റെ കരുവാറ്റയും കുട്ടനാട് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടനും കേരളാ പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളവുമാണ് ഇറങ്ങുന്നത്. സീസണിലെ ആദ്യ മത്സരവേദിയായ മൂലം വള്ളംകളിയില്‍ തന്നെ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയ ചമ്പക്കുളത്തിന് ഈ ഹീറ്റ്‌സില്‍ ആയാപറമ്പ് പാണ്ടിയേ നേരിയതോതിലെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളിയായുള്ളു. ഫൈനല്‍ പ്രവേശം സമയക്കണക്കിലായതിനാല്‍ അത് മാത്രമായിരിക്കും പോലീസ് ടീമിന്റെ ഉന്നവും. രണ്ടാം ഹീറ്റ്‌സില്‍ കൊല്ലം ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ ചെറുതന, വലിയദിവാന്‍ ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയദിവാന്‍ജി, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍തെക്കേതില്‍, കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ആനാരി എന്നിവയാണ് മത്സരിക്കുന്നത്. നെഹ്‌റു ട്രോഫയില്‍ ഹാട്രിക്ക് മോഹവുമായി എത്തുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് പ്രഥമ സി.ബി.എല്‍ ചാമ്പ്യന്മാരുമാണ്. 2018ല്‍ പായിപ്പാടനിലും 2019ല്‍ നടുഭാഗത്തിലും നെഹ്‌റുട്രോഫി നേടിയ പി.ബി.സി ഇത്തവണ കാട്ടില്‍തെക്കേതില്‍ ചുണ്ടനില്‍ എത്തുമ്പോള്‍ ലക്ഷ്യം മൂന്നാം കിരീടം മാത്രം. പരിശീലന കാലയളവിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ചെറുതനയും ആനാരിയുമാണ് ഈ ഹീറ്റ്‌സില്‍ കാട്ടില്‍തെക്കേതില്‍ ചുണ്ടന്റെ പ്രധാന എതിരാളികള്‍. മൂന്നാം ഹീറ്റ്‌സില്‍ തെക്കേക്കര സെന്റ് ജോണ്‍സ് ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര, കൈനകരി യു.ബി.സിയുടെ കാരിച്ചാല്‍, സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്ബിന്റെ ശ്രീവിനായകന്‍, കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം. ആരാധകരെ ആവേശം കൊള്ളിക്കുന്ന യു.ബി.സി-കാരിച്ചാല്‍ കോമ്പോയും വേമ്പനാടിന്റെ പായിപ്പാടനും ട്രാക്കില്‍ കാട്ടുന്ന പോരാട്ട വീര്യം കരകളെ ഇളക്കിമറിക്കുമെന്നുറപ്പ്. നാലാം ഹീറ്റ്‌സില്‍ എടത്വാ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ദേവസും ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോര്‍ജും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം പുത്തന്‍ ചുണ്ടനും വേണാട്ടുകാട് ബോട്ട് ക്ലബ്ബിന്റെ ശ്രീമഹാദേവനും ഇറങ്ങും. ദേവസും സെന്റ് ജോര്‍ജും നിരണവും മികച്ച പരിശീലനം നേടിയാണ് വരുന്നത്. സമീപ ദിവസങ്ങളിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ നിരണത്തിനാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. ഇത്തവണത്തെ മേളയിലെ ഫൈനിലിന് മുന്നേയുള്ള ഫൈനലാണ് അക്ഷരാര്‍ഥത്തില്‍ അഞ്ചാം ഹീറ്റ്‌സ്. കുമരകം സമുദ്ര ബോട്ട് ക്ലബ്ബിന്റെ ജവഹര്‍ തായങ്കരി, പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം, കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് എന്നിവയാണ് നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ രണ്ടാം നെഹ്‌റുട്രോഫിയും സി.ബി.എല്‍ കിരീടവും ലക്ഷ്യമിടുന്ന നടുഭാഗം മികച്ച പ്രകടനമാണ് കുമരകത്തെ പരിശീലനവേളയിലുടനീളം പുറത്തെടുത്തത്. അതുപോലെ ഈ മേളയില്‍ കറുത്ത കുതിരകളാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ക്ലബ്ബുകളില്‍ ഏറ്റവും മുന്നിലാണ് പുന്നമട ബോട്ട് ക്ലബ്ബ്. വീയപുരം ചുണ്ടനില്‍ എത്തുന്ന ആതിഥേയര്‍ കാണികളുടെ പിന്തുണ കൂടി അനുകൂല ഘടകമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുമരകത്തിന്റെ കരുത്തന്മാരായ കെ.ടി.ബി.സിക്കും സമുദ്രയ്ക്കും ഇത് ജീവന്മരണ പോരാട്ടത്തിന്റെ വേദികൂടിയാണ്. ഏക പക്ഷീയമായ വിജയങ്ങളല്ല ഇഞ്ചോടിഞ്ച് മത്സരങ്ങളാകും  ഫൈനല്‍ മത്സരങ്ങളില്‍ അരങ്ങേറുകയെന്ന് ഉറപ്പാണ്.