Sports

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

04 September 2022 , 7:58 AM

 

ആലപ്പുഴ: 68-ാം മത് നെഹ്രുട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉയര്‍ത്തും. ടൂറിസം പൊതുമരാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷിമന്ത്രി പി. പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും  പങ്കെടുക്കും. രാവിലെ 11 നാണ്  മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയാണ് ഫൈനല്‍ മത്സരങ്ങള്‍. ഒന്‍പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മത്സരിക്കാനുള്ളത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 20 വള്ളങ്ങളുണ്ട്. ചുരുളന്‍ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.