education

നീറ്റ്-യു.ജി പരീക്ഷ; കേരളത്തില്‍നിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വര്‍ധന

10 September 2022 , 7:17 AM

 

തിരുവനന്തപുരം: മുൻ വർഷങ്ങളെ അപേക്ഷിച്ച് മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷയില്‍ കേരളത്തില്‍നിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വര്‍ധന.  4630 പേരാണ് ഇത്തവണ കൂടുതലായി യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് 92,911 പേര്‍ പരീക്ഷയെഴുതിയതില്‍ 59,404 പേരാണ് യോഗ്യത നേടിയത്. ഇത്തവണ 1,16,395 പേര്‍ പരീക്ഷയെഴുതിയതില്‍ 64,034 പേര്‍ യോഗ്യത നേടി. ദേശീയതലത്തില്‍ ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍നിന്ന് നാലുപേര്‍ ഇടംപിടിച്ചു.

കഴിഞ്ഞവര്‍ഷം നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രകടനം മോശമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയവരുടെ എണ്ണം വര്‍ധിച്ചതിനനുസൃതമായി യോഗ്യത നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കേരളത്തില്‍ നീറ്റ് പരീക്ഷയെഴുതി യോഗ്യത നേടുകയും പ്രവേശന നടപടികളില്‍ പങ്കെടുക്കാനായി പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്ത വിദ്യാര്‍ഥികളെ നീറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക തയാറാക്കും. മൂന്നാഴ്ചക്കകം റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമീഷണര്‍ തയാറാക്കി പ്രസിദ്ധീകരിക്കും. ഇതിനായി വിദ്യാര്‍ഥികള്‍ നീറ്റ് സ്കോര്‍ സമര്‍പ്പിക്കേണ്ടിവരും. ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും പ്രവേശന സാധ്യത സംബന്ധിച്ച്‌ വ്യക്തത ലഭിക്കുകയുള്ളൂ.

 

അഖിലേന്ത്യ ക്വോട്ട സീറ്റുകളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ കേരളത്തില്‍നിന്ന് മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. കേരള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാകും കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും കേരള റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തും. ഡെന്‍റല്‍, ആയുര്‍വേദ, ഹോമിയോ, യൂനാനി, സിദ്ധ, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ് ഉള്‍പ്പെടെ കോഴ്സുകളിലേക്കും ഇതേ റാങ്ക് പട്ടികയില്‍ നിന്നായിരിക്കും പ്രവേശനം. കേരളത്തിലെ ഉള്‍പ്പെടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകള്‍, എയിംസ്, ജിപ്മെര്‍, കേന്ദ്ര സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കല്‍ സീറ്റുകളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി വഴിയാണ് പ്രവേശനം. ഈ സീറ്റുകളിലെ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ www.mcc.nic.in വെബ്സൈറ്റ് വഴിയാണ് പ്രവേശന നടപടികളില്‍ പങ്കെടുക്കേണ്ടത്. ഇതിനുള്ള വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും.