News

മില്‍മയുടെ എതിര്‍പ്പ് വകവയ്ക്കാതെ നന്ദിനി; 25 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും, ദിവസേന 25000 ലിറ്റര്‍ പാല്‍

22 June 2023 , 8:35 PM

 




കൊച്ചി: മില്‍മയുടെയും സര്‍ക്കാരിന്റെയും എതിര്‍പ്പ് വകവെക്കാതെ കേരളത്തില്‍ പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി.
ആറു മാസത്തിനകം സംസ്ഥാനം മുഴുവന്‍ 25 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് നീക്കം. രണ്ടു വര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്ലെറ്റുകള്‍ തുടങ്ങുമെന്നാണ് സൂചന. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കിയിട്ടില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ എടുത്തിരിക്കുന്ന നിലപാട്.
കേരളവുമായി ഒരു ഏറ്റുമുട്ടലുകള്‍ക്കും ഇല്ലെന്നും, കുറവുള്ള രണ്ടര ലക്ഷം ലീറ്റര്‍ പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനി നല്‍കുന്ന വിശദീകരണം.ആറുമാസത്തിനുള്ളില്‍ ചുരുങ്ങിയത് 25 ഔട്ട്ലെറ്റുകള്‍ തുറക്കും. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് അറിയിച്ചത്. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്ലെറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. ഈ 25 ഔട്ട്ലെറ്റുകള്‍ വഴി ദിവസേന 25,000 ലീറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് കമ്ബനിയുടെ ലക്ഷ്യം.
രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്ലെറ്റുകള്‍ വീതം ഉറപ്പാക്കും. നിലവില്‍ കേരളത്തില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് നീക്കം. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.