News

'ഡിം' അടിച്ചില്ലെങ്കിൽ പിടികൂടാൻ എം.വി.ഡി

14 December 2022 , 7:13 PM

 

 

തിരുവനന്തപുരം: എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരാണോ, എങ്കിലിനി നിങ്ങൾക്ക് ഉപദേശവും താക്കീതും ഒന്നുമില്ല. ഇത്തരക്കാരെ കൈയോടെ പൊക്കാൻ രാത്രിയിൽ 'ലക്സ് മീറ്റർ' ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വാഹന നിർമ്മാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുകയും അതുമൂലം അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി കടുപ്പിക്കുന്നത്.

രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാൽ, പലരും ഇതു പാലിക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബൾബുകൾക്ക് പുറമെ ലേസർ, പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തുടങ്ങിയതെല്ലാം പരിശോധനയിൽ പിടികൂടും. ഉയർന്ന തോതിൽ പ്രകാശം വമിക്കുന്ന ഹാലജൻ, ലിഥിയം നിയോൺ ലൈറ്റുകളാണ് വാഹനങ്ങളിൽ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണിൽ പതിച്ചാൽ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും. ഹെഡ് ലൈറ്റുകളും മറ്റും തെളിയിക്കാതെ പോകുന്നതും ബ്രേക്ക്, ഇൻഡിക്കേറ്റർ തുടങ്ങിയവ കൃത്യമായി പ്രവർത്തിക്കാത്തതിനും പിടിവീഴും.