News

ഇ.ഡി നടപടികളില്‍ ഒരു ഭയവുമില്ലെന്ന് എം.വി ഗോവിന്ദന്‍

01 March 2023 , 5:03 PM

 

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളില്‍ ഒരുഭയവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ഇഡി കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് അസംബ്ലിയില്‍ കാണുന്നത്. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ പേടിക്കില്ല. ഇതേ റിപ്പോര്‍ട്ടൊക്കെ ഡല്‍ഹിയിലും ഉണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്. സോണിയ ഗാന്ധിയും രാഹുലും തള്ളി പറഞ്ഞില്ലേയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് ഒരുനിലപാടെ ഉള്ളൂ. ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്. മടിയില്‍ കനമില്ലാത്തത് കൊണ്ട് ഇതിലൊന്നും ഞങ്ങള്‍ക്ക് പേടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.