News

ഇസ്ലാമിക രാജ്യങ്ങളിലേക്കാള്‍ മതസ്വാതന്ത്ര്യം ഇന്ത്യയിലെന്ന് മുസ്ലിം ലീഗ്

01 February 2023 , 9:31 AM

 

 

മലപ്പുറം: സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ മതസ്വാതന്ത്ര്യമുള്ളത് ഇന്ത്യയിലാണെന്ന സമസ്ത എപി കാന്തപുരം വിഭാഗം സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവന തള്ളാതെ മുസ്ലിം ലീഗ്. മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിടാത്തതിന്റെ യഥാര്‍ത്ഥ കാരണം ഭരണഘടനയുടെ ശക്തിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് നിലനിര്‍ത്താനാണ് മുസ്ലിം ലീഗടക്കം പോരാടുന്നതെന്നും സാദിഖലി പ്രതികരിച്ചു. അതേസമയം, രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില വെല്ലുവിളികളുണ്ടെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രബല മുസ്ലിം വിഭാഗത്തിന്റെ പ്രസ്താവനയെ തള്ളുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എസ്‌എസ്‌എഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മതസ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടെന്ന പരാമര്‍ശം പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ നടത്തിയത്. ഗള്‍ഫില്‍ പോലും ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ല. ഇന്ത്യ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും സൗദി ഉള്‍പ്പെടെയുള്ള നാടുകളില്‍ ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ നടത്തിയ പരാമര്‍ശം സംഘപരിവാറിനെ സഹായിക്കുന്നതാണെന്ന വിമര്‍ശനം ചില ഇടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളാന്‍ തയ്യാറായിട്ടില്ല. ഏകീകൃത സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അനുകൂല പ്രസ്താവന നടത്തിയത് അനുചിതമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

       പ്രസ്താവന വിവാദമായതോടെ തങ്ങളുടേത് രാജ്യത്തിന് വേണ്ടിയുള്ള നിലപാടാണെന്നും സര്‍ക്കാര്‍ അനുകൂല നിലപാടല്ലെന്നും എസ്‌എസ്‌എഫ് വിശദീകരിച്ചു. അതേസമയം, രാജ്യത്തെ അവഹേളിക്കാന്‍ അനുവദിച്ചയ്ക്കരുതെന്ന് ഓര്‍ര്‍മ്മിപ്പിച്ചു കൊണ്ട് എസ്എസ്എഫ് സംസ്ഥാന സമ്മേളന പ്രമേയം പാസാക്കിയിരുന്നു. ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച്‌ വെറുപ്പ് ഉല്പാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്എസ്എഫ് വ്യക്തമാക്കി.