News

ഭാര്യാ സഹോദരൻ്റെ കൊലപാതകം; നാല് മാസമായി ഒളിവിലായിരുന്ന ഗണേശൻ പൊലീസ് പിടിയിലായി

07 December 2022 , 12:09 PM

 

 

 

കാസർകോട്: ഭാര്യാ സഹോദരനെ വെട്ടി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി ഗണേശൻ (സെൽവൻ) ഒളിവിൽ കഴിഞ്ഞത്‌ കർണാടകയിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളിലാണെന്ന്‌  പൊലീസിനോട്‌ സമ്മതിച്ചു. ഭക്ഷണവും താമസവും സൗജന്യമായതിനാൽ യാത്രക്കുള്ള പണം ക്ഷേത്ര ദർശനത്തിനെത്തുന്നവരിൽ നിന്ന്‌ ദാനമായി ശേഖരിച്ചു. 

ക്ഷേത്രങ്ങളിൽ മൂന്ന്‌ ദിവസമേ  പുറമെ നിന്നുള്ളവർക്ക്‌ സൗജന്യമായി താമസവും ഭക്ഷണവും ലഭിക്കൂ. അതിനാൽ വേഷം മാറി മറ്റ്‌ ക്ഷേത്രത്തിലെത്തും. കഴിഞ്ഞ ജൂലെെ  31 ന് രാത്രിയിലാണ് പുല്ലൂർ കോളോത്ത്  നമ്പ്യാടുക്കം  സുശീലഗോപാലൻ നഗറിലെ പരേതരായ  പൊന്നപ്പന്റെയും  - കമലവതിയുടെയും മകൻ നീലകണ്ഠനെ സഹോദരി ഭർത്താവ്‌ ബംഗളൂരു വണ്ടർപേട്ടിലെ ഗണേശൻ (സെൽവൻ)    വെട്ടികൊലപ്പെടുത്തിയത്‌. നാട്ടിൽ നിന്ന്‌ മുങ്ങിയ ഇയാളെ കണ്ടെത്താൻ ബേക്കൽ ഡിവൈഎസ്‌പി  സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്‌പ്ക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിൽ നാലുമാസത്തിലധികമായി നടത്തിയ  അന്വേഷണത്തിനൊടുവിലാണ്‌ പ്രതിയെ പിടിച്ചത്‌.