Entertainment

ഇന്ന് ബാബുക്ക ഓർമ്മ ദിനം, എം.എസ് ബാബുരാജെന്ന ബാബുക്ക വിട പറഞ്ഞിട്ട് 45 വർഷങ്ങൾ

07 October 2022 , 1:40 AM

 

തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ..

മുഹമ്മദ് സാബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ്. മലയാള ചലച്ചിത്രഗാന ശാഖയിൽ തൻ്റെതായ ശൈലികൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന പ്രിയപ്പെട്ട ബാബുക്ക. ഹിന്ദുസ്ഥാനി സംഗീതവും ഗസ സംഗീതവും മാപ്പിള സംഗീതവും കൃത്യമായി കൂട്ടിച്ചേർത്ത് വശ്യമനോഹരമായ ഗാനങ്ങൾ രൂപപ്പെടുത്തി നമ്മുക്ക് സമ്മാനിച്ച മാന്ത്രിക സംഗീതജ്ഞൻ, സംഗീതം കൊണ്ട് മറ്റൊരു മാസ്മരിക ലോകം തീർത്ത അനുഭൂതികളുടെ രാജകുമാരൻ.

1929 മാർച്ച് 3 നാണ് മുഹമ്മദ് സാബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ് ജനിച്ചത്. ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്നു പിതാവ് ജാൻ മുഹമ്മദ് സാഹിബ്. എന്നാൽ മാതാവ് മലയാളിയായിരുന്നുജനിച്ചത് നല്ല ജീവിത ചുറ്റുപാടുകളിലാണെങ്കിലും ബാല്യത്തിൽ തന്നെ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ നാടുവിടൽ കുടുംബത്തെ അക്ഷരാർഥത്തിൽ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടു. പട്ടിണിയുടെ ആ നാളുകളിൽ വയറു നിറയ്ക്കാൻ കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലുമൊക്കെ പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ കുഞ്ഞുമുഹമ്മദെന്ന പോലീസുകാരൻ കണ്ടെത്തി ദത്തെടുത്തതാണ്. ബാബുരാജിൻ്റെ ജീവിതം മാറ്റി മറിച്ചത്. കോഴിക്കോടിൻ്റെ ഹൃദയ ഗായകനായി മാറുവാൻ പിന്നെ അധിക കാലം വേണ്ടി വന്നില്ല. വരികളെ നിമിഷ നേരം കൊണ്ട് ജീവസ്സുറ്റ സംഗീതമാക്കുന്ന അദ്ദേഹത്തിൻ്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

 

കെ പി ഉമ്മർ, തിക്കൊടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക സംഗീത ലോകത്തെത്തിച്ചു. 1951 ഇൻ‌ക്വിലാബിൻ്റെ മക്കൾ എന്ന നാടകത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചാണ് അദ്ദേഹമതിന് തുടക്കമിട്ടത്. അതോടെ മുഹമ്മദ് സബീർ ബാബുരാജ് എന്ന പേര് ലോകമറിഞ്ഞു തുടങ്ങി.

എല്ലാം ശൂന്യം ബ്രഹ്മം കണ്ടീഷൻ

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ
വഞ്ചനക്കു നമ്മുടെ നാട്ടിൽ
വയസ്സ് പതിനാറ് - എന്നും
വയസ്സ് പതിനാറ്

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

മൂത്തോർ വാക്കും മുതുനെല്ലിക്കയും
ആദ്യം കയ്ക്കും - ആദ്യം കയ്ക്കും
ചക്കര വാക്കും ചെകുത്താൻ വേദവും
ആദ്യം മധുരിക്കും

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

കരളെടുത്ത് കാണിച്ചാലും
കദളി വാഴനാര്
കരഞ്ഞു കാലു പിടിച്ചാലും
കള്ളപ്പേര് - മനുഷ്യനു കള്ളപ്പേര്

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

കളസമിട്ട് കറങ്ങി നടക്കണ പെണ്ണേ
കമ്പനി പൂട്ടാറായില്ലേ
കണ്ടതെല്ലാം മായാ
കാണാത്തൊരാളുടെ ലീല
ലീല - ലീലാ - ലീലാ

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

സംഗീതം: എം എസ് ബാബുരാജ്, രചന: വയലാർ രാമവർമ്മ, ഗായകൻ:  എം എസ് ബാബുരാജ്, ചിത്രം: പെണ്മക്കൾ

 

ടി മുഹമ്മദ് യൂസഫിൻ്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്ന് നാടകത്തിലെ ഗാനങ്ങൾ തുടങ്ങിയഅദ്ദേഹത്തിൻ്റെ പ്രശസ്തി ഉയർത്തി. കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം അദ്ദേഹത്തിന് മലയാള ചലച്ചിത്ര ലോകത്തേയ്ക്കുള്ള ചവിട്ടു പടിയായി. തുടർന്ന് 1953 തിരമാല എന്ന ചിത്രത്തിൻ്റെ സഹസംഗീത സംവിധാനം നിർവഹിക്കാൻ അവസരം നൽകി. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നിർവ്വഹിച്ചത് 1957 മിന്നാമിനുങ്ങ് എന്ന ചിത്രത്തിനാണ്.

ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർ ആസ്വദിച്ചത് പ്രതിഭാശാലിയിലൂടെയാണ്. 1960കളിൽ മലയാളികളെ സംഗീതാസ്വാനത്തിൻ്റെ മറ്റൊരു ലോകത്തെത്തിയ്ക്കുവാൻ ബാബുക്കയ്ക്ക് കഴിഞ്ഞു. 1964 പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ എം എസ് ബാബുരാജ് എന്ന ബാബുക്കയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.  സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ തുടർന്നിങ്ങോട്ടുള്ള എല്ലാ തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണ്. ബാബുരാജിൻ്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. എങ്കിലും വയലാർ, എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു. യേശുദാസും എസ്. ജാനകിയുമായിരുന്നു അദ്ദേഹത്തിന് വേണ്ടി കൂടുതല്‍ ഗാനങ്ങളും പാടിയത്. ബാബുരാജ് - ജാനകി കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായക-ഗായിക കൂട്ടുകെട്ടില്‍ ഒന്നാണ്.

താമസമെന്തേ...വരുവാന്‍..
താമസമെന്തേ വരുവാന്‍ 
പ്രാണസഖീ എൻ്റെ മുന്നില്‍
താമസമെന്തേ അണയാന്‍ 
പ്രേമമയീ എൻ്റെ കണ്ണില്‍

താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ 
പൊന്‍വിളക്കു പൊലിയാറായ്‌ 
മാകന്ദശാഖകളില്‍ 
രാക്കിളികള്‍ മയങ്ങാറായ്‌ 
(താമസമെന്തേ ......)

തളിര്‍മരമിളകി  നിൻ്റെ 
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിൻ്റെ 
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ 
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിൻ്റെ
പട്ടുറുമാലിളകിയല്ലോ (2)

 

താമസമെന്തേ വരുവാന്‍ 
പ്രാണസഖീ എൻ്റെ മുന്നില്‍
താമസമെന്തേ അണയാന്‍ 
പ്രേമമയീ എൻ്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

സംഗീതം: എം എസ് ബാബുരാജ്, രചന: പി ഭാസ്ക്കരൻ, ആലാപനം, കെ ജെ യേശുദാസ്, രാഗം: ഭീംപ്ലാസി, ചിത്രം: ഭാർഗ്ഗവീനിലയം

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ  മാന്ത്രികൻ, മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നൽകിയിട്ടുണ്ട്. ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ഭാര്‍ഗവീ നിലയം, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങി കുറച്ചു ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. 1978 ഒക്ടോബർ 7ന് മഹാപ്രതിഭയെ സംഗീത ലോകത്തിന് നഷ്ടമായി. നമ്മോടൊപ്പമില്ലെങ്കിലും ഇന്നുമെന്നും ബാബുക്കയുടെ പാട്ടുകൾ മലയാളിയുള്ളിടത്തെല്ലാം മുഴങ്ങിക്കൊണ്ടേയിരിയ്ക്കുന്നു.

തളിരിട്ട കിനാക്കള്തന് താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിൻ്റെ
വിരുന്നുകാരന്

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിൻ്റെ
വിരുന്നുകാരന്

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിൻ്റെ
വിരുന്നുകാര
ന്‍

സംഗീതം: എം എസ് ബാബുരാജ്, രചന: പി ഭാസ്ക്കരൻ, ആലാപനം: എസ് ജാനകി,രാഗം: കല്യാണി, ചിത്രം: മൂടുപടം