News

സോഷ്യല്‍മീഡിയയിലൂടെ സ്‌കൂട്ടര്‍ വില്‍പ്പന നടത്തി പണതട്ടിപ്പ്; വ്യാപാരിക്ക് നഷ്ടമായത് 21,000 രൂപ

29 October 2022 , 1:11 PM

 


പാലക്കാട്: സോഷ്യല്‍മീഡിയയിലൂടെ വ്യാപാരിയെ കബളിപ്പിച്ച് 21000 രൂപ  തട്ടിയെടുത്തു. നെന്മറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിയാണ് സാമൂഹിക മാധ്യമത്തിലൂടെ സ്‌കൂട്ടര്‍ വാങ്ങാന്‍ ശ്രമിച്ച് തട്ടിപ്പിനിരയായത്. സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് മാത്തുക്കുട്ടി ബന്ധപ്പെടുന്നത്.
സ്‌കൂട്ടറിന് 18,000 രൂപ സംസാരിച്ച് ഉറപ്പിച്ചു. മറുതലയ്ക്കലുള്ള ആള്‍ സംസാരിച്ചത് ഹിന്ദിയിലായിരുന്നു. തുടര്‍ന്ന് രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ രേഖകളും വില്‍ക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖയും ചിത്രവും മാത്തുക്കുട്ടിയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചു. ഇത് വിശ്വസിച്ചാണ് മാത്തുക്കുട്ടി 4000 രൂപ ഗൂഗിള്‍പേ വഴി നല്‍കിയത്. അടുത്ത ദിവസം വാഹനം കയറ്റി അയച്ചതിന്റെ രേഖകള്‍ കൂടി അയച്ചതിന് പിന്നാലെ ബാക്കി തുകയായ 14,000 രൂപ കൂടി മാത്തുക്കുട്ടി നല്‍കി. എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഡെലിവറി തുകയായി 8000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇനി തരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ 4000 രൂപ നല്‍കി അന്ന് തന്നെ വാഹനം കൈപ്പറ്റണമെന്നും അറിയിച്ചു. ഈ തുകയും നല്‍കിയെങ്കിലും മാത്തുക്കുട്ടിക്ക് വാഹനം ലഭിച്ചില്ല. സംശയം തോന്നി മറ്റൊരു നമ്പറില്‍ നിന്ന് വാഹനം വാങ്ങാനെന്ന രീതിയില്‍ വിളിച്ചപ്പോള്‍ ഇതേ വാഹനത്തിന്റെ ചിത്രവും രേഖകളും തന്നെയാണ് അയച്ച് കൊടുത്തത്. തട്ടിപ്പാണെന്ന് മനസിലായതോടെ പാലക്കാട് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.