News

പെണ്‍കുട്ടിയുമായി അര്‍ധരാത്രിയില്‍ കറക്കം; കാര്‍ അപകടത്തില്‍പെട്ടതോടെ പോക്‌സോ കേസില്‍ യുവാവ് അകത്തായി

01 September 2022 , 8:11 AM

 

മലപ്പുറം: അര്‍ധരാത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയ കാര്‍ അപകടത്തില്‍ പെട്ടു. കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കാമുകിയുടെ പരാതിയില്‍ 18 കാരനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡില്‍ വിട്ടു. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി വലിയ വളപ്പില്‍വീട്ടില്‍ എ പി അബ്ദുല്‍ ഹസീബ് (18) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. യുവാവ് പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം വീട്ടുകാര്‍ അറിയാതെ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. പെരുവള്ളൂര്‍- പൂത്തൂര്‍ പള്ളിക്കല്‍ റോഡിലെ പാത്തിക്കുഴി പാലത്തിന് സമീപം കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രാത്രികാല പട്രോളിങ്ങിനിറങ്ങിയ തേഞ്ഞിപ്പലം പൊലിസിനെ കണ്ട യുവാവ് കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇരുവരേയും പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കാറില്‍ വെച്ച് തന്നെ യുവാവ് പീഡനത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ തേഞ്ഞിപ്പലം  പൊലീസ് പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.