News

അഞ്ചാംപനി പടരുന്നു; ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

24 November 2022 , 8:56 PM

 

മലപ്പുറം: മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. ഇതിനോടകം നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതല്‍ ആയി പടര്‍ന്നു പിടിച്ചത്. 10 വയസ്സില്‍ മുകളില്‍ ഉള്ള കുട്ടികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. മിക്‌സോ വൈറസ് വിഭാഗത്തില്‍ പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. പനിയുള്ളവര്‍ സ്‌കൂള്‍, മദ്രസ എന്നിവിടങ്ങളില്‍ പോകരുത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ മരണം സംഭവിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പാടുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം.രോഗബാധിതനായ വ്യക്തിയുമായി താമസസ്ഥലം പങ്കിടുന്ന പ്രതിരോധശേഷി കുറഞ്ഞ പത്തില്‍ ഒമ്പത് പേര്‍ക്കും ഈ രോഗം പിടിപെടും.