News

ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ, വിൽപ്പന കണ്ണൂരിൽ; വൻ മയക്കുമരുന്ന് വേട്ട, രണ്ടുപേർ പിടിയിൽ

08 December 2022 , 3:24 PM

 

 

കണ്ണൂർ: ബെംഗളൂരുവിൽനിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. കണ്ണൂർ ഉളിയിൽ സ്വദേശികളായ ജസീർ(42), ഷമീർ(39) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് പിടികൂടിയത്.

ഇവരിൽനിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ റൂറൽ ജില്ലയിൽ പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.

ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. ജസീർ കണ്ണൂർ ജില്ലയിലെ പ്രധാന എം.ഡി.എം.എ. വിതരണക്കാരനാണ്. ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽനിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരിൽ വിൽപ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി. ഇവരെക്കുറിച്ച് വിവരം ലഭിച്ചതോടെ ലഹരിവിരുദ്ധ സ്ക്വാഡ് ഒരുമാസത്തോളമായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൂട്ടുപുഴയിൽവെച്ച് രണ്ടുപേരെയും പിടികൂടിയത്.