News

സഖാക്കള്‍ക്ക് മാത്രം ജോലിയുണ്ട്; സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു: മേയര്‍ ആര്യാ രാജേന്ദ്രന്‍ വെട്ടിലായി

05 November 2022 , 12:19 PM

 

തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായി. ഒഴിവുകളില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ഭാഗമായാണ് കത്ത് എഴുതിയതെന്നാണ്  വ്യക്തമായിരിക്കുന്നത്. 295 ഒഴിവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത്. ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരണം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് ഒഴിവുവന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കയറ്റാന്‍ മേയര്‍ കഷ്ടപ്പെടുന്നത് കത്തില്‍ കാണാനാകും.  ഇടതു സംഘടന ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 ഓളം താത്കാലിക തസ്തികളിലേക്കാണ് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള മേയറുടെ ശ്രമം നടന്നത്. പാര്‍ട്ടിക്കാരുടെ തന്നെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് കത്ത് പുറത്തായത്. കത്ത് പുറത്തായതോടെ മേയര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് ഇടതു സംഘടന.
സഖാവേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയിലുള്ള ഒഴിവുകള്‍ കുറിച്ചും പാര്‍ട്ടിക്കാരെ നിയമിക്കുന്നതിന് കുറിച്ചുമൊക്കെയാണ്, കത്തില്‍ പറയുന്നത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
സഖാവേ തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യം അങ്ങയെ അറിയിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.  തസ്തികകളുടെ പേര്, വേക്കന്‍സി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ താങ്കള്‍ സ്വീകരിക്കണമെന്നും' കത്തില്‍ മേയര്‍ പറയുന്നുണ്ട്.
295 ഒഴിവുകള്‍ ഉണ്ടെന്നാണ് കത്തില്‍ പറയുന്നത്. പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, ഡോക്ടര്‍മാര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഒപ്‌റ്റോമെട്രിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, പാര്‍ട് ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും മേയര്‍ അയച്ച കത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട്.
പ്രധാന തസ്തികകള്‍ മുതല്‍ താത്കാലിക തസ്തികകളില്‍ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന ഈ കത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. കത്ത് തനിക്ക് ലഭിച്ചിട്ടേയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം.