News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹം നടത്താം

09 April 2023 , 12:59 PM

 

 തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹങ്ങള്‍ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നല്‍കിയത്. എത്ര സമയം വരെ വിവാഹം ആകാമെന്നതില്‍ തീരുമാനമായിട്ടില്ല.

നിലവില്‍ പുലര്‍ച്ചെ 5 മുതല്‍ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം നടക്കാറുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്.  നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല.

നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി.അച്യുതക്കുറുപ്പ്, മകന്റെ  വിവാഹം ക്ഷേത്രത്തിനു മുന്നില്‍ വൈകിട്ട് നടത്താന്‍ അനുമതിക്കായി  ദേവസ്വത്തിന് 2022 ഡിസംബറില്‍ അപേക്ഷ നല്‍കിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താന്‍ ദേവസ്വത്തെ പ്രേരിപ്പിച്ചത്.