News

പൂച്ചക്കുഞ്ഞുങ്ങ​ളെ നിറമടിച്ച്‌ 'കടുവയാക്കി' പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

09 September 2022 , 7:44 AM

 

ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങ​ളെ നിറമടിച്ച്‌ 'കടുവയാക്കി' പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്.

മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണു സംഭവം. കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കുണ്ടെന്ന് വാട്ട്സ്‌ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ വനംവകുപ്പ് പിടികൂടുകയായിരുന്നു.

കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. മൂന്ന് 'കടുവക്കുഞ്ഞുങ്ങളുടെ' ചിത്രം സഹിതമായിരുന്നു വാട്ട്സാപ്പ് സന്ദേശം. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങള്‍ കൈവശമുണ്ടെന്നും ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കാമെന്നുമായിരുന്നു വാട്സാപ്പില്‍ പ്രചരിപ്പിച്ച സന്ദേശം.വാട്ട്സ്‌ആപ്പിലൂടെ പ്രചരിച്ച പരസ്യത്തെക്കുറിച്ച്‌ അറിഞ്ഞ വനം വകുപ്പ് അന്വേഷണം തുടങ്ങി. അന്വേഷണ  വിവരമറിഞ്ഞ പാര്‍ഥിപന്‍ ഒളിവില്‍പോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവക്കുഞ്ഞുങ്ങ​ളെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാര്‍ഥിപനെ പിടികൂടിയത്.