Entertainment

പരസ്യമായി അപമാനിച്ചു: ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പൊലീസ്

23 September 2022 , 3:33 PM

 

കൊച്ചി: യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ കേസെടുത്ത് മരട് പൊലീസ്. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാൻ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത് എന്നാണ് പരാതിക്കാരി  പ്രതികരിച്ചത്. 'ചട്ടമ്പി' സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്പേഴ്‌സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്‌നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.