Entertainment

ആദ്യം സഹോദരന്‍, പിന്നെ അമ്മ, ഇപ്പോള്‍ അച്ഛനും: മനസ് തളര്‍ന്ന് നടന്‍ മഹേഷ് ബാബു

16 November 2022 , 8:19 PM

 

ഈ വര്‍ഷം തെലുങ്ക് നടന്‍ മഹേഷ്ബാബുവിന് അടുത്ത അംഗങ്ങളുടെ വിയോഗത്തിന്‍െ്‌റ കാലമാണ്. പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി വിട പറഞ്ഞു പോകുന്നതിന്റെ വേദനയിലാണ് ഇപ്പോള്‍ മഹേഷ് ബാബു. സഹോദരന്‍ രമേഷ് ബാബുവിനും അമ്മ ഇന്ദിരയ്ക്കും പിന്നാലെ ഇപ്പോള്‍ മഹേഷ് ബാബുവിന്റെ അച്ഛന്‍ കൃഷ്ണയും വിട പറഞ്ഞിരിക്കുകയാണ്. 2022 ജനുവരി 10ന് മഹേഷ് ബാബുവിന്റെ മൂത്തസഹോദരന്‍ രമേഷ് ബാബു അന്തരിച്ചു. സെപ്റ്റംബര്‍ 28ന് ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം കഴിയും മുന്‍പെ മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായിരിക്കുകയാണ്. ഒരു വര്‍ഷം മൂന്ന് പ്രിയപ്പെട്ടവരാണ് മഹേഷ്ബാബുവിന് നഷ്ടമായത്. രണ്ടു ഭാര്യമാരാണ് പിതാവ് കൃഷ്ണയ്ക്കുള്ളത്. ആദ്യ ഭാര്യ ഇന്ദിര ദേവി. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദര്‍ശിനി എന്നിങ്ങനെ അഞ്ചു മക്കളാണ് കൃഷ്ണ- ഇന്ദിര ദമ്പതികള്‍ക്ക്. നടിയും നിര്‍മാതാവുമായ വിജയ നിര്‍മലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവര്‍ 2019ല്‍ മരണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിര്‍ന്ന നടനുമായ കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണ മൂര്‍ത്തി) അന്തരിച്ചത്. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. 1960-കളുടെ തുടക്കത്തില്‍ തെലുങ്ക് സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച കൃഷ്ണ താമസിയാതെ ശ്രദ്ധേയ നടനായി മാറി. 1960 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി തിളങ്ങിയ കൃഷ്ണ 50 വര്‍ഷത്തോളം നീണ്ട തന്റെ കരിയറില്‍ ഏതാണ്ട് 350ല്‍ ഏറെ സിനിമകള്‍ ചെയ്തു. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധ നേടി. 2009ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.