News

കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

14 September 2022 , 12:38 PM

 

മലപ്പുറം : കുറ്റിപ്പുറം പാലത്തില്‍ ബുധനാഴ്ച രാത്രി ഭാഗിക ഗതാഗത നിയന്ത്രണം. പാലത്തിന്റെ കമാനം ബീമുകള്‍ക്ക് മണ്ണുമാന്തി യന്ത്രം ഇടിച്ച്‌ കേടുപാട് സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് രാത്രി 11 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തൃശൂരില്‍ നിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ എടപ്പാളില്‍ നിന്ന് തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരൂര്‍ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം. കുറച്ചുദിവസം മുമ്പ് ആറുവരിപ്പാത നിര്‍മാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം ലോറിയില്‍ കൊണ്ടുപ്പോകുന്നതിനിടെ ഉയര്‍ന്ന ഭാഗം ബീമുകളില്‍ തട്ടിയാണ് കേട് സംഭവിച്ചത്. നിലവില്‍ പൊട്ടിത്തൂങ്ങിയ കോണ്‍ക്രീറ്റ് ബീമുകള്‍ ഇരുമ്പ് ക്ലാമ്പ്​ ഉപയോഗിച്ച്‌ താങ്ങിനിര്‍ത്തിയിരിക്കുകയാണ്.