News

കുന്നംകുളത്ത് വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

11 October 2022 , 6:58 PM

 

തൃശൂർ: കുന്നംകുളത്ത് എഴുപത്തിയൊന്നുകാരനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ  രാജി (35)യെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്ഐ ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവതിയും വയോധികനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും ഹണി ട്രാപ്പിലൂടെ  ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും, മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. 

ചാവക്കാട് സ്വദേശിയായ 71 വയസ്സുകാരനാണ് തട്ടിപ്പിന് ഇരയായത്. കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും  ഭീഷണിപ്പെടുത്തി 3 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിലാണ് യുവതി പിടിയിലായത്. പരാതിക്കാരന്റെ സുഹൃത്ത് വഴിയാണ്  യുവതിയെ പരിചയപ്പെടുന്നത്.

പല സമയങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞാണ് യുവതി പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. പിന്നീടാണ് ഇരുവരും തമ്മിലുള്ള  നഗ്നചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടത്. 50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്റെ   സാമ്പത്തിക അവസ്ഥ കൃത്യമായി മനസ്സിലാക്കിയതിനുശേഷമാണ് പ്രതികൾ ഹണി ട്രാപ്പുമായി പരാതിക്കാരനെ കുടുക്കിയത്.കേസിൽ പിടിയിലായ യുവതി രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതി ഒളിവിലാണ്.  ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കൂടാതെ മറ്റു ചിലരുടെയും സഹായത്തോടുകൂടിയാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.