News

കളക്ടറങ്കിൾ ഞങ്ങൾക്ക് പഠിയ്ക്കണം ഞങ്ങളുടെ അധ്യാപകരെ തിരികെ തരൂ...

27 September 2022 , 3:44 PM

 

ആലപ്പുഴ പുന്നപ്ര അറവുകാട് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം പത്താം ക്‌ളാസ്സ്  വിദ്യാർത്ഥികളാണ് ആലപ്പുഴ കളക്ട്രേറ്റിലെത്തി തങ്ങളുടെ പ്രിയപ്പെട്ട കളക്ടർ മാമനെ നേരിൽക്കണ്ട്  തങ്ങളുടെ സങ്കടം ബോധിപ്പിച്ചത്. ഓണം അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടികൾ തങ്ങളുടെ വിദ്യാലയത്തിലെ പതിനൊന്ന് അധ്യാപകർ വിദ്യാലയത്തിൽ എത്തുന്നില്ല എന്ന വിവരം അറിയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ ഇത്രയധികം അധ്യാപകരെ കാണാതിരുന്ന കുട്ടികളോട് അധ്യാപകർ അവധിയിലാണ് എന്നാണ് അറിയിച്ചിരുന്നത് എന്നാൽ സ്‌കൂൾ പി ടി എ യും, വിദ്യാർത്ഥികളും നടത്തിയ അന്വഷണത്തിൽ മാനേജ്മെന്റിൻ്റെ അനാസ്ഥ മൂലം യഥാസമയം സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് കിട്ടാതിരുന്നതാണ് അധ്യാപകർ സ്‌കൂളിൽ എത്താത്തതിന് കാരണം എന്ന് കണ്ടെത്തി, ഫിറ്റ്നസ് ഇല്ലാതിരുന്നത് മൂലം തുടർന്ന് നടന്ന തസ്തിക നിർണ്ണയത്തിൽ വിദ്യാലയത്തിലെ പതിനൊന്നു അധ്യാപകരെ അധ്യാപക ബാങ്കിലേക്ക് മാറ്റുകയും തുടർന്ന് ഒഴിവുള്ള മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് പുനർവിന്യസിക്കുകയുമാണ് ഉണ്ടായത്. അധ്യാപകരില്ലാതെ ഇവിടെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയത് മലയാള വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രദ്ധാപൂർവ്വം വിദ്യാർത്ഥികളുടെ ആവലാതികൾ കേട്ടിരുന്ന ജില്ലാ കളക്ടർ കൃഷ്ണതേജ പതിവ് തെറ്റിച്ചില്ല പ്രശ്നത്തിൽ ഉടൻ ഇടപെടുകയും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട്  ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തന്നെ വന്നു കണ്ടു റിപ്പോർട്ട് സമർപ്പിയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഉടൻ തിരികെ ലഭിയ്ക്കുമെന്നും ഉറപ്പു നൽകിയാണ് കളക്ടർ മടക്കി അയച്ചത്. പരാതി അറിയിക്കാൻ കളക്ടറെ കാണാനിറങ്ങിയ വിദ്യാർത്ഥികളോട്  ഇക്കാര്യത്തിൽ കളക്ടറെ കണ്ടാൽ സ്‌കൂളിൽ കയറേണ്ടെന്നും TC വാങ്ങി പോയിക്കൊള്ളണമെന്നും മുൻ സ്‌കൂൾ മാനേജർ ഭീഷണിപ്പെടുത്തിയ വിവരവും വിദ്യാർത്ഥികൾ കളക്ടറെ അറിയിച്ചു വിദ്യാലയത്തിൽ കയറ്റിയില്ലെങ്കിൽ ഉടൻ തന്നെ വിളിക്കുവാനും താൻ നേരിട്ടെത്തി നിങ്ങളെ സ്‌കൂളിൽ കയറ്റാമെന്നും കളക്ടർ ഉറപ്പു നൽകി. എന്നാൽ ഇക്കാര്യത്തിൽ  മാനേജ് മെന്റിൻറെ അനാസ്ഥ മൂലം അധ്യാപകരെ പുനർ വിന്യസിച്ച വിദ്യാഭ്യാസ വകുപ്പ് അധികൃതർ കുട്ടികളുടെ പഠനം മുടങ്ങുമെന്ന കാര്യത്തിൽ മുൻകൂട്ടി ബോധ്യമുണ്ടായിരുന്നിട്ടും ബദൽ സംവിധാനമൊരുക്കാതിരുന്നത് ശക്തമായ വിമർശനത്തിന് ഇടയാക്കുന്നുണ്ട്.