News

കോഴിക്കോട്, തിരുവനന്തപുരം മെട്രോ: സമഗ്ര പദ്ധതി തയ്യാറാക്കുന്നു

03 November 2022 , 1:11 PM

 


കോഴിക്കോട്: കൊച്ചി മെട്രോയ്ക്ക് ശേഷം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ വരുന്നു. മെട്രോ പദ്ധതിക്കായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കല്‍ തുടങ്ങി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) മേല്‍നോട്ടം.
പദ്ധതി തയ്യാറാക്കുന്നതിന് അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി (യുഎംടിസി)യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏത് മെട്രോ സംവിധാനമാണ് ഈ നഗരങ്ങള്‍ക്ക് അനുയോജ്യമെന്ന വിലയിരുത്തലും ഇതോടൊപ്പം നടക്കും. മാര്‍ച്ചില്‍ സമഗ്ര ഗതാഗത പദ്ധതി പൂര്‍ത്തിയാക്കും. അതിനുശേഷം വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. മെട്രോ പദ്ധതികളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമുണ്ടാകും. ശ്രീകാര്യത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ താമസിയാതെ വിളിക്കും. ഈ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് അതു സഹായിക്കും. ഇരു നഗരങ്ങളിലെയും ജില്ലാ ഭരണകൂടത്തോടും മേയര്‍മാരോടും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പിന്തുണ തേടി. പദ്ധതിക്കു മുന്നോടിയായി ഓരോ നഗരത്തിലെയും ഗതാഗത സംവിധാനങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമുണ്ട്. യാത്രക്കാരുടെ എണ്ണമനുസരിച്ചാണ് മെട്രോ സംവിധാനം ഏതു വേണമെന്നു നിശ്ചയിക്കുക. മെട്രോ നിയോ, മെട്രോ ലൈറ്റ് എന്നിങ്ങനെ പല സംവിധാനങ്ങള്‍ പ്രചാരത്തിലുണ്ട്. സാധാരണ മെട്രോയ്ക്ക് ഒരു കിലോമീറ്റര്‍ നിര്‍മ്മാണത്തിന് 200 കോടി രൂപയോളം ചെലവാകും. ലൈറ്റ് മെട്രോയുടെ ചെലവ് കിലോമീറ്ററിന് 150 കോടിയും മെട്രോ നിയോയ്ക്ക് 60 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.