News

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു

30 August 2022 , 9:39 PM

 

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആർഎംഒയാണ് അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ, കോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽ കുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടി വന്നത്. 2002 മുതൽ ഈ ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലൻസിന്റെ കാലപ്പഴക്കമാണ് വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുന്നും ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. ആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ്‌ പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നും സഹപ്രവർത്തകനായ കിരൺ പറഞ്ഞു.

ഇക്കാര്യം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്, അര മണിക്കൂർ കോയാമോനെ പുറത്തിറക്കാൻ ആയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഈ ആരോപണവും പരിശോധിക്കും. അതേസമയം വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ കോയാമോൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.