Sports

താഴത്തങ്ങാടി വള്ളംകളി: മഹാദേവികാട് കാട്ടിൽതെക്കേതിൽ ജേതാവ്

29 October 2022 , 5:40 PM

 

 

കോട്ടയം: ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ താഴത്തങ്ങാടി ജലമേളയിൽ പി ബി സി (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടൻ ജേതാവായി. എന്‍ സി ഡി സി (മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗവും  പൊലീസ് ബോട്ട് ക്ലബ് (റേജിങ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഫൈനലില്‍ ആദ്യ നൂറുമീറ്ററില്‍ ഒപ്പത്തിനൊപ്പമാണ് മൂന്നു വള്ളങ്ങളും മുന്നോട്ടു നീങ്ങിയത്. 200 മീറ്റര്‍ പിന്നിട്ടപ്പോള്‍ നടുഭാഗം മുന്നിലെത്തി. വാശിയോടെ മഹാദേവികാട് ലീഡ് നേടിയെങ്കിലും ട്രാക്ക് പകുതി പിന്നിട്ടപ്പോള്‍ ചമ്പക്കുളം മുന്നിലേക്കെത്തി. ഇതോടെ വര്‍ധിത വീര്യവുമായി നടുഭാഗത്തിന്‍റെയും മഹാദേവികാടിന്‍റെയും തുഴക്കാര്‍ തുഴഞ്ഞപ്പോള്‍ ലീഡ് വീണ്ടും മാറി. അവസാന നൂറുമീറ്ററില്‍ മഹാദേവികാടും നടുഭാഗവും ഒപ്പത്തിനൊപ്പമായി. എന്നാല്‍ കൈനകരിയിലെ തനിയാവര്‍ത്തനമായി അവസാന 20 മീറ്ററില്‍ പി ബി സിയുടെ കുതിപ്പിന് നടുഭാഗത്തിന് മറുപടിയില്ലാതായി. ലീഗിൽ കാട്ടിൽ തെക്കേതിലിന്റെ തുടർച്ചയായ നാലാം ജയമാണിത്. യു ബി സി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ ചെറുതന ചുണ്ടന്‍ നാലാമതായി ഫിനിഷ് ചെയ്തു. വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ (പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍ അഞ്ചാമതും വില്ലേജ് ബോട്ട് ക്ലബ്ബിന്റെ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് ആറാമതും ഫിനിഷ് ചെയ്തു. പുന്നമട ബോട്ട് ക്ലബ്ബിന്റെ (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരത്തിന് ഇക്കുറി ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെന്റ് പയസ് ടെന്‍ത് എട്ടും കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്) ആയാപറമ്പ് പാണ്ടി ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.