News

ദേവീ സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

27 March 2023 , 12:16 PM

 

കുട്ടനാട്: ദേവീ സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കാവാലം മേജർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.  തിങ്കളാഴ്ച രാവിലെ 6.30നും 7.38നും മധ്യേ മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍കാളിദാസ ഭട്ടതിരിപ്പാടിന്റേയും ക്ഷേത്രം മേല്‍ശാന്തി രാജേഷ് ശര്‍മ്മയുടേയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. നൂറു കണക്കിന് ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി. 28ന് രാത്രി ഏഴിന് ഓട്ടന്‍തുള്ളല്‍, ഒമ്പതിന് കൊടിക്കീഴില്‍ വിളക്ക്. 29ന് രാത്രി ഏഴിന് സംഗീതാര്‍ച്ചന. 30ന് രാത്രി ഏഴിന് സംഗീതക്കച്ചേരി, 8.30ന് ഡാന്‍സ്. അഞ്ചാം ഉത്സവമായ 31ന് രാവിലെ പത്ത് മുതല്‍ ഉത്സവബലി, രാത്രി ഏഴിന് സംഗീതക്കച്ചേരി, പത്തിന് പന്തളം കേരള കലാക്ഷേത്രത്തിന്റെ കര്‍ണശപഥം- മേജര്‍സെറ്റ് കഥകളി. ഏപ്രില്‍ ഒന്നിന് രാവിലെ പത്ത് മുതല്‍ ഉത്സവബലി, രാത്രി ഏഴിന് നാട്യാഞ്ജലി, 8.30ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭക്തിഘോഷലഹരി. രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, രാത്രി ഏഴിന് നൃത്തമഹോത്സവം, പത്തിന് സിനിമാഭക്തിഗാനമേള. എട്ടാം ഉത്സവമായ മൂന്നിന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് നാലിന് വേലകളി, രാത്രി ഏഴിന് വീണക്കച്ചേരി, പത്തിന് കാവാലം മിഴിയുടെ 'മണ്ണിന്റെ മനസ്'-നാടകം. നാലിന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി ഏഴിന് തിരുവാതിരകളി, ഡാന്‍സ്, ഒമ്പതിന് സക്കറിയായുടെ മരണം- സ്ത്രീ നാടകവേദിയുടെ നാടകം, 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. അഞ്ചിന് രാവിലെ എട്ടിന് കൊടിയിറക്ക്, പത്തിന് ആറാട്ട്പുറപ്പാട്, ഉച്ചയ്ക്ക് 12 മുതല്‍ മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30ന് ആറാട്ടുവരവ്, ശ്രീകൃഷ്ണ ക്ഷേത്ര നടയില്‍ കോട്ടയം ശ്രീകുമാര്‍ നയിക്കുന്ന ഭജന്‍സ്, നാലിന് ഭദ്രകാളി ക്ഷേത്രനടയില്‍ ആറാട്ട് എതിരേല്പ്- നാഗസ്വരക്കച്ചേരി, അഞ്ചിന് ആറാട്ട് പ്രദക്ഷിണം, വലിയകാണിക്ക, രാത്രി ഏഴിന് കൊടുങ്ങല്ലൂര്‍ കര്‍ണകിയുടെ 'പുലക്കാവ്'-നാടന്‍പാട്ടരങ്ങ്.