News

കാട്ടാനയുടെ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികർ

13 January 2023 , 11:53 AM

 

 

 

 ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാറിന് സമീപം ആനയിറങ്കലില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം.

 

 ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്‌കൂട്ടര്‍ യാത്രികര്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ആക്രമിക്കാനായി ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകള്‍ ഉറക്കെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആന മാറി പോവുകയാണ് ചെയ്തത്.

 

നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ടവാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നുമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിന് സമീപം മറ്റൊരു ഒറ്റയാന്‍ ഒരു വീടിന്റെ മുന്‍ഭാഗം തകര്‍ത്തിരുന്നു.

 

ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്റെ വീടായിരുന്നു അരികൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തകര്‍ത്തത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും ആന തിന്നതായും മുരുകന്‍ പറഞ്ഞിരുന്നു. മുരുകനും ഭാര്യ സുധയും അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം. ഒരു മാസം മുന്‍പ് സമീപത്തെ മറ്റൊരു വീടും ഒറ്റയാന്‍ തകര്‍ത്തിരുന്നു.

 

അതേസമയം തൃശൂർ മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറയിൽ തേയില തോട്ടത്തിലെ തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മലക്കപ്പാറ സ്വദേശി 55 കാരിയായ ജാനകിയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറ ടാറ്റ ഉരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.