News

കാസർഗോഡ് ഭിന്നശേഷിക്കാര്‍ക്ക് പരിശോധനാ സൗകര്യം

09 November 2022 , 1:39 PM

 

കാസർഗോഡ്: ജില്ലയിലെ ബൗദ്ധിക വെല്ലുവിളികളും (ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഓട്ടിസം, പഠനവൈകല്യങ്ങള്‍ എന്നിവയുള്ള 25വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ബുദ്ധിപരിശോധന (ഐക്യു അസ്സസ്മെന്റ് ) നടത്തുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവരെയായിട്ടും ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവരും, സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ് പുതുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകര്‍ കാസര്‍കോട് ഉള്ളവരും യു.ഡി.ഐ.ഡി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരും ആകണം. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിശോധന. പരിശോധന സൗജന്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ പരിശോധന ലഭിക്കൂ. ബുക്കിങ്ങിനായി ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ (നവംബര്‍ 8, 9) രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്ക് വിളിക്കണം. ഫോണ്‍ 9387088887. പേര്, വിലാസം, വയസ്സ്, യു.ഡി.ഐ.ഡി, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കണം. ജില്ലയില്‍ അംഗീകാരം ഇല്ലാത്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അഭാവത്തില്‍ ജില്ലാ കളക്ടര്‍ പ്രത്യേക താല്പര്യം എടുത്താണ് തിരുവനന്തപുരത്ത് നിന്നും താത്കാലികമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ജില്ലയില്‍ ലഭ്യമാക്കിയത്. ജില്ലാഭരണകൂടം, കേരള സാമൂഹ്യ സുരക്ഷമിഷന്‍, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായാണ് ഇത് നടത്തുന്നത്.