Sports

ക്രിക്കറ്റ് പൂര ലഹരിയിൽ അനന്തപുരി, കാര്യവട്ടത്ത് കളി കാര്യമാകും

28 September 2022 , 12:01 PM

 

തിരുവനന്തപുരം: രാവിലെയുണ്ടായ ചാറ്റൽ മഴയ്ക്ക് ശേഷം തെളിഞ്ഞ കാലാവസ്ഥയോടെ ക്രിക്കറ്റ് പൂരത്തിൻ്റെ ആവേശത്തിലാണ് അനന്തപുരി .മൂന്ന് വർഷത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിരുന്നെത്തിയ അന്താരാഷ്ട്ര മത്സരം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.  

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൽസരം  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി 7.30-ന് ആരംഭിക്കും. ട്വന്റി 20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കാവുന്ന പരമ്പരയിലെ ആദ്യമൽസരമാണിത്.   ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.


 ഇന്നലെ ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. രാത്രി 7.30-ഓടെയാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം അവസാനിപ്പിച്ച് കോവളത്തെ ഹോട്ടലിലേക്ക് മടങ്ങിയത്. മൽസരത്തിൽ റണ്ണൊഴുകുമെന്നാണ് പിച്ച് പരിശോധിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിലയിരുത്തൽ.  ഹർദിക് പാണ്ഡ്യയും പേസർ ഭുവനേശ്വർ കുമാറും ദീപക് ഹൂഡയും ടീമിലില്ല. ഋഷഭ് പന്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ശ്രേയസ് അയ്യർ ഇന്നലെ ടീമിനൊപ്പം ചേർന്നു. പരിശീലനത്തിലും ശ്രേയസ് പങ്കെടുത്തു. രോഹിത് ശർമയും കെഎൽ രാഹുലും തന്നെയാകും ഓപ്പണർമാർ. വിരാട് കോലി മൂന്നാമത് ഇറങ്ങും. സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ എന്നിവർ ടീമിലുണ്ടാകും. ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് ലൈനപ്പിൽ മാറ്റമുണ്ടാകുമോയെന്നത് മൽസരത്തിന് തൊട്ടുമുമ്പ് മാത്രമേ പ്രഖ്യാപിക്കൂ.  

നാലര മുതൽ കാണികൾക്ക് പ്രവേശനം


വൈകുന്നേരം നാലര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. അഞ്ചുമണിയോടെ ടീം സ്റ്റേഡിയത്തിൽ എത്തി മൽസരത്തിന് മുന്നോടിയായുള്ള പരിശീലനം നടത്തും. 6.30-നാണ് ടോസ്. സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്കാണ് മൽസരം സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാർ സ്പോർട്‌സ് 1, സ്റ്റാർ സ്പോർട്‌സ് 1 എച്ച്‌ഡി, സ്റ്റാർ സ്പോർട്‌സ് ഹിന്ദി, സ്റ്റാർ സ്പോർട്‌സ് 1 എച്ച്‌ഡി ഹിന്ദി എന്നീ ചാനലുകളിൽ മത്സരം തൽസമയം കാണാം. ഡിസ്‌നി+ഹോട്‌സ്റ്റാർ വഴി ഓൺലൈനിലും മത്സരം കാണാം.  മൽസരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിഞ്ഞു.

കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കാനായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൽസരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളും വാഹന ഗതാഗത നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.