News

കസ്റ്റംസ് സൂപ്രണ്ടിന് നിരവധി കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമെന്ന് സൂചന

Malappuram Reporter

19 August 2022 , 9:23 AM

 

മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്തതിന് പിടിയിലായ കസ്റ്റംസ് സൂപ്രണ്ടിന് നിരവധി കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമെന്ന് സൂചന. കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് ഇന്നലെ പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെ തൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്.വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച് പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽ വലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽ നാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾ സമ്മതിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെ പ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾ സ്വീകരിക്കേണ്ടത് കസ്റ്റംസാണ്.സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയും പുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്. ഇത് വൻ കള്ളക്കടത്താണ് വ്യക്തമാക്കുന്നത്.