News

കൊമ്പന്‍ ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു

28 February 2023 , 11:49 AM

 

തൃശൂര്‍: ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്.  രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്. കടവല്ലൂരിലെ കെട്ടും തറിയില്‍ നിന്നിരുന്ന ആന തളര്‍ന്ന് വീഴുകയായിരുന്നു. രണ്ട് ദിവസമായി തീറ്റ എടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ അഴിച്ചിട്ട് അധികം ദിവസമായിട്ടില്ല. ഹൃദയാഘാതമാകാം എന്നാണ് നിഗമനം. മറ്റ് വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ അറിയാന്‍ കഴിയു. തിരുമാന്ധാം കുന്ന് ക്ഷേത്രത്തില്‍ നിന്നാണ് ആനയെ ഒളരിക്കര ദേവസ്വം വാങ്ങിക്കുന്നത്. നിലമ്പൂര്‍ കാടുകളില്‍ എവിടെയോ ജനിച്ച ആനക്കുട്ടി 1990-91 കാലഘട്ടത്തിലാണ് മലവെള്ളപ്പാച്ചിലില്‍ വനം വകുപ്പിന്റെ കയ്യില്‍ എത്തുന്നത്. പിന്നീട് ന്യൂഡല്‍ഹിയിലെ സര്‍ക്കസ് കമ്പനിയിലേക്ക് ആനക്കുട്ടിയെ ലേലം ചെയ്തു. അവിടെ നിന്നും കോട്ടയത്തേക്ക് വിറ്റ ആനയെ തിരുമാന്ധാം കുന്ന് ദേവസ്വം വാങ്ങുകയായിരുന്നു. അവരതിന്  തിരുമാന്ധാംകുന്ന് ദേവീപ്രസാദ് എന്ന് പേരിട്ടു. അത്ര പെട്ടെന്ന് ഒരു പാപ്പാന്‍മാര്‍ക്കും വഴങ്ങാത്ത ആനക്കുട്ടി ക്ഷേത്രത്തിനും പ്രശ്‌നമായി.
അക്കാലത്താണ് തട്ടകത്തേക്ക് ഒരാനയെ വാങ്ങിക്കണമെന്ന ആവശ്യവുമായി ഒളരി ഭഗവതിക്ഷേത്രത്തിലെ കമ്മിറ്റിക്കാരും കരക്കാരും ചേര്‍ന്ന് ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്ന കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിനെ കണ്ടത്. പ്രശ്‌ന വിധിയില്‍ തിരുമാന്ധാം കുന്ന് ദേവസ്വത്തിന്റെ പക്കലുള്ള ആനയെ വാങ്ങാം എന്നായി. അതിനിടയില്‍ നിയമനടപടിക്രമങ്ങളില്‍ അല്‍പ്പം താമസം നേരിട്ടു. ആറ് മാസം വേണ്ടി വന്നു നടപടിക്രമം പൂര്‍ത്തിയാക്കാന്‍. ഒടുവില്‍ 2005 ചിങ്ങ മാസം ഉത്രാടം നക്ഷത്രത്തില്‍ ഒളരിക്കരയിലേക്ക് കാളിദാസന്‍ എത്തുകയായിരുന്നു. ഒളരിക്കര കാളിദാസന്‍െ്‌റ പെട്ടെന്നുള്ള വിയോഗം ആനപ്രേമികളുടെ ഇടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. നിരവധി പേരാണ് ഒളരിക്കര കാളിദാസനെ കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.