സി.ബി.എല്ലിൽ മഹാദേവികാട് കാട്ടിൽതെക്കേതിലിൻ്റെ മുന്നേറ്റം
22 October 2022 , 6:15 PM
കൈനകരി -ആലപ്പുഴ: ഐപിഎല്‍ ക്രിക്കറ്റിന്റെ മാതൃകയില്‍ ചുണ്ടന് വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ് ഏഴാം മത്സരത്തില്‍ പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഹാട്രിക് വിജയത്തോടെ ഒന്നാമതെത്തി (4.03.45 മിനിറ്റ്). വള്ളം കളിയുടെ കളിത്തൊട്ടിലായ കൈനകരിയിലെ ട്രാക്കില്‍ അവസാന 50 മീറ്ററില്‍ നടത്തിയ അവിശ്വസനീയമായ കുതിപ്പാണ് എന്‍സിഡിസി നടുഭാഗത്തെ (4.05.30 മിനിറ്റ്) മറികടക്കാന്‍ മഹാദേവിക്കാടിനെ സഹായിച്ചത്.
ഫൈനലില്‍ നടന്ന തീപാറുന്ന മത്സരത്തില്‍ ആദ്യ 700 മീറ്ററിലും എന്‍സിഡിസി (മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്നു. ഒന്നര മീറ്ററിലധികം മുന്നിലായിരുന്ന അവര്‍ക്ക് അവസാന ലാപ്പില്‍ പിബിസി മഹാദേവിക്കാടിന്റെ തുഴവേഗത്തിന് മറുപടിയില്ലാതായി പോയി. ഹീറ്റ്സില്‍ പിബിസി മഹാദേവിക്കാടിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഫൈനലില്‍ ആ വേഗം നിലനിറുത്താന്‍ പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളത്തിനായില്ല(4.17.30 മിനിറ്റ്). മൂന്നാമതായാണ് ചമ്പക്കുളം ഫിനിഷ് ചെയ്തത്.
യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ ചെറുതന ചുണ്ടന് സ്വന്തം തട്ടകത്തില്‍ സിബിഎല്ലിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് കൈനകരിയിലെ മത്സരത്തില്‍ നാലാമതായി ഫിനിഷ് ചെയ്തു. വീയപുരം അഞ്ചാം സ്ഥാനത്തും പായിപ്പാടന് ആറാം സ്ഥാനത്തുമെത്തി. സെ. പയസ് ടെന്ത് ഏഴും ദേവസ് ചുണ്ടന് എട്ടും ആയാപറമ്പ് പാണ്ടി ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി.
വെപ്പ് വള്ളങ്ങളുടെ വിഭാഗത്തിൽ കാവാലം ബോട്ട് ക്ലബ്ബിൻ്റെ കോട്ടപ്പറമ്പൻ ജേതാവായി. കൈനകരി വാരിയേഴ്സ് ബോട്ട് ക്ലബ്ബിൻ്റെ അമ്പലക്കടവനാണ് രണ്ടാം സ്ഥാനം. ഇരുട്ടുകുത്തി വിഭാഗത്തിൽ പായിപ്പാട് ബോട്ട് ക്ലബ്ബിൻ്റെ ജലറാണിക്കാണ് ഒന്നാം സ്ഥാനം. മങ്കൊമ്പ് ബോട്ട് ക്ലബ്ബിൻ്റെ ദാനിയേൽ രണ്ടാമതെത്തി.
സി.ബി.എൽ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പിബിസി (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (ഒന്ന് 68 പോയിന്റ്) എന്‍സിഡിസി (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടന് (രണ്ട് 60 പോയിന്റ്) കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം (മൂന്ന് 52 പോയിന്റ്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള് ബ്രേക്കേഴ്സ്) വീയപുരം (നാല്, 50 പോയിന്റ്) വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്(അഞ്ച്-42 പോയിന്റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) ചെറുതന(ആറ്-36 പോയിന്റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്ത് (ഏഴ്- 24 പോയിന്റ്), ) കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്) ആയാപറമ്പ് പാണ്ടി(എട്ട്-23 പോയിന്റ്) വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് (എട്ട്- 23 പോയിന്റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്റുകളും.
താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.
സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വള്ളംകളി കൈനകരി വള്ളംകളി ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി പ്രസാദ്, കൊടിക്കുന്നേല്‍ സുരേഷ് എം പി, തോമസ് കെ തോസമ് എംഎല്‍എ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും അധികമായി ലഭിക്കും.
Comments
RELATED STORIES
ഏഷ്യാഡിൽ ഇന്ത്യക്ക് നൂറുമേനി
07 October 2023 , 9:54 AM
2034 ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗ..
06 October 2023 , 4:24 PM
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
06 October 2023 , 12:21 PM
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
05 October 2023 , 8:57 AM
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM