News

തിരക്കുള്ള റോഡിലൂടെ ഫോണില്‍ സംസാരിച്ച് ബസോടിച്ച് കെ സ്വിഫ്റ്റ് ഡ്രൈവര്‍; നടപടി വരുന്നു

26 August 2022 , 8:23 AM

 

തിരുവനന്തപുരം: തിരക്കുള്ള റോഡിലൂടെ കെ സ്വിഫ്റ്റ് ബസ് നിറയെ യാത്രക്കാരുമായി ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഏറെ നേരം സംസാരിച്ച് ഡ്രൈവര്‍. മോട്ടോര്‍ വാഹന വകുപ്പിന്‍െ്‌റ ശ്രദ്ധയില്‍പ്പെടുത്തി യാത്രക്കാരും നാട്ടുകാരും. ഇതോടെ നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറാണ് തിരുവനന്തപുരത്താണ് തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫോണ്‍വിളി തുടര്‍ന്നതോടെ ബസ്സിലെ യാത്രക്കാര്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ബസ് വെഞ്ഞാറമൂടിന് സമീപം തൈക്കാട് എത്തുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ വീഡിയോ എടുത്തിരുന്നു. ആളുകള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് ഫോണ്‍ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ഇത് കണ്ട പ്രദേശവാസികളും മോട്ടോര്‍ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ആ സമയത്ത് കാരേറ്റ് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബസ് വരുന്നത് കാത്തിരുന്ന് തടയുകയായിരുന്നു. ബസ് തടഞ്ഞ് ഡ്രൈവറില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയും വീഡിയോ പരിശോധിക്കുകയും ചെയ്തു. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തതായി ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി.കെ. കരണ്‍ വ്യക്തമാക്കി.