News

പയ്യന്നൂരിലെ ജ്വല്ലറി കവർച്ച; നീരിക്ഷണ ക്യാമറയിൽ നിന്ന് മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചു

08 March 2023 , 12:17 PM

 

 

കണ്ണൂർ: പയ്യന്നൂർ ടൗണിലെ സ്വർണ്ണാഭരണ ജ്വല്ലറിയിലെ  പുറത്തെ നിരീക്ഷണ ക്യാമറയിൽ പച്ച പെയിൻറടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി.ദൃശ്യം പോലീസിന് ലഭിച്ചു. സെൻട്രൽ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് പുലർച്ചെ ഒരു മണിയോടെ കവർച്ച നടന്നത്.

 

മുൻവശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച മോഷ്ടാക്കൾ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകർത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന വെള്ളിയാഭരണങ്ങളും മേശവലിപ്പിൽ സൂക്ഷിച്ച രണ്ടായിരം രൂപയും കവർന്നിരുന്നു. 

 

സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം നടത്തിയെങ്കിലും അലാറം മുഴങ്ങിയതോടെ മോഷ്ടാവ് പിൻവലിയുന്ന ദൃശ്യവും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ടൗണിലെ പവിത്ര ജ്വല്ലറി ഉടമ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ ഗംഗോത്രിയിൽ പവിത്രന്റെ മകൻ അശ്വിൻ ആണ് കവർച്ച നടന്നത് കണ്ടത്. 

 

ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.അകത്ത് നിന്ന് മോഷ്ടാവ് കൊണ്ടുവന്നഒരു ബിഗ് ഷോപ്പറും കണ്ടെത്തി.ഇതിന്റെ മണം പിടിച്ച് പോലീസ് ഡോഗ് സമീപത്തെ ഹോട്ടലിന്റെ ഗെയിറ്റിലും ചെന്നെത്തി.

 

തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. സദാ ആൾ പെരുമാറ്റമുള്ള നഗരഹൃദയത്തിലെ ജ്വല്ലറിയിൽ കവർച്ച നടന്നത് പോലീസിനെയും വ്യാപാരികളെയും ഞെട്ടിച്ചിരിക്കുകയാണ്.

 രാത്രി കാല പോലീസ് പട്രോളിംഗിനിടെയും നിയമപാലനത്തിന് നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെ നോക്കുകുത്തിയാക്കി കവർച്ചക്കാർ പോലീസ് സ്റ്റേഷന് ഏതാനും മീറ്ററുകൾ ദൂരെയുള്ള ജ്വല്ലറി കുത്തിതുറന്നത് തലവേദനയായി മാറിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ഊർജിതമാക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.