News

ട്രെയിൻ മാറിക്കയറിയ കുട്ടികളെ സുരക്ഷിതരാക്കിയത് യാത്രക്കാരുടെ ഇടപെടൽ

03 February 2023 , 2:50 AM

 

 

കണ്ണൂർ : രക്ഷിതാക്കൾക്കൊപ്പം തീവണ്ടി ഇറങ്ങിയ കുട്ടികൾ മറ്റൊരു തീവണ്ടിയിൽ മാറിക്കയറി. യാത്രക്കാരുടെ ഇടപെടലിനെത്തുടർന്ന് കുട്ടികളെ സുരക്ഷിതരായി രക്ഷിതാക്കളെ ഏൽപ്പിച്ചു. വ്യാഴാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 

 

ഒൻപതും അഞ്ചും വയസ്സായ കുട്ടികൾ കോഴിക്കോട്ടുനിന്ന് മംഗളൂരു എക്സ്പ്രസിലാണ് രക്ഷിതാക്കൾക്കൊപ്പം എത്തിയത്. പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളുടെ കൈപിടിക്കാതെ നടന്നപ്പോൾ കൂട്ടംവിട്ടുപോവുകയായിരുന്നു. ആൾക്കൂട്ടത്തിൽപ്പെട്ടുപോയ കുട്ടികൾ രക്ഷിതാക്കൾകൂടെയുണ്ടെന്ന് തെറ്റിദ്ധരിച്ച് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു.

 

അപ്പോൾ രണ്ടാം പ്ലാറ്റ്‌ഫോമിൽനിന്ന്‌ നീങ്ങാൻതുടങ്ങിയ എഗ്മോർ എക്സ്പ്രസിൽ കയറുകയായിരുന്നു. കുട്ടികളെ കണ്ട് യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ആർ.പി.എഫ്. കണ്ണൂരെത്തി കുട്ടികളെ ഏറ്റുവാങ്ങി. ചൈൽഡ് ലൈനിൽ ഏൽപ്പിച്ച കുട്ടികളെ പിന്നീട് രക്ഷിതാക്കൾ എത്തി കൊണ്ടുപോയി.

 

മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിക്ക് രക്ഷിതാവിന്റെ മൊബൈൽ നമ്പർ അറിയുന്നതുകൊണ്ട് രക്ഷിതാക്കളുമായി ഉടൻ ബന്ധപ്പെടാനായെന്ന് തീവണ്ടിയിലെ യാത്രക്കാരനും ബി.എസ്.എൻ.എൽ. എൻജിനിയറുമായ ഫിറാസ് ടി. അബ്ദുള പറഞ്ഞു.